06 July, 2020 01:34:39 AM


10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നു പേര്‍ മലപ്പുറം കൊണ്ടോട്ടിയിൽ അറസ്‌റ്റില്‍


മലപ്പുറം: 10 ലക്ഷംരൂപയുടെ കള്ളനോട്ടുകളുമായി മൂവര്‍ സംഘം മലപ്പുറം കൊണ്ടോട്ടി പൊയ്‌ലശ്ശേരിയില്‍ പിടിയില്‍. ചെമ്പ്രശ്ശേരി ഈസ്‌റ്റ്‌ മാഞ്ചേരി ബഷീര്‍ (പാണ്ടി ബഷീര്‍- 50), വള്ളുവങ്ങാട്‌ കുണ്ടുകര അമീര്‍ഖാന്‍ (27), കരുവാരകുണ്ട്‌ ഇരിങ്ങാട്ടിരി കോയിശ്ശേരി മൊയ്‌തീന്‍കുട്ടി (50) എന്നിവരെയാണു കള്ളനോട്ടുകളുമായി മലപ്പുറം ജില്ലാ ആന്റി നര്‍ക്കോട്ടിക്ക്‌ സ്‌ക്വാഡ്‌ പിടികൂടിയത്‌. 


ഇവര്‍ സഞ്ചരിച്ച കാറും കസ്‌റ്റഡിയിലെടുത്തു. കഴിഞ്ഞ ആഴ്‌ച കള്ളനോട്ടുകളും സാമഗ്രികളുമായി കൊണ്ടോട്ടിയില്‍ പിടിയിലായ തമിഴ്‌നാട്ടുകാരനും ഹോട്ടല്‍ തൊഴിലാളിയുമായ സതീഷുമായി സംഘത്തിന്‌ ബന്ധമുണ്ടോയെന്നു പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. വ്യാജ ആര്‍.സി നിര്‍മിച്ചതിന്‌ പാണ്ടിക്കാട്‌, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ സ്‌റ്റേഷനുകളിലടക്കം ബഷീറിനെതിരേ കേസുകള്‍ നിലവിലുണ്ട്‌. 


അമീര്‍ ഖാന്‍ പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ വിവിധയിടങ്ങളില്‍ വാടക വീടുകള്‍ എടുത്താണു നോട്ടുകള്‍ നിര്‍മിച്ചു വന്നിരുന്നത്‌. ഇയാള്‍ വാടകക്ക്‌ താമസിക്കുന്ന കൊടശേരിയിലെ വീട്ടില്‍നിന്നും നോട്ടു നിര്‍മാണത്തിന്‌ ഉപയോഗിച്ച കമ്പ്യൂട്ടറുകളും മറ്റ്‌ ഉപകരണങ്ങളും പിടികൂടി. ഇയാള്‍ മുന്‍പ്‌ താമസിച്ചിരുന്ന സ്‌ഥലങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഇവര്‍ വ്യാപകമായി വിസ തട്ടിപ്പും നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K