29 June, 2020 09:05:25 PM
വിദേശത്തുനിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍; രക്ഷകരായി ആരോഗ്യപ്രവര്‍ത്തകര്‍
എടപ്പാള്‍: വിദേശത്തുനിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ വാതില്‍ കൊട്ടിയടച്ച് സഹോദരങ്ങള്‍ അടക്കമുള്ള ബന്ധുക്കള്‍. കുടിക്കാന്‍ വെള്ളം ചോദിച്ചിട്ടും നല്‍കാന്‍ തയ്യാറായില്ല. എടപ്പാളിലാണ് സംഭവം. എന്ത് ചെയ്യണമെന്നറിയാതെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി യുവാവിനെ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എടപ്പാള്‍ സ്വദേശിയായ യുവാവിനെയാണ് വിദേശത്തുനിന്നും എത്തിയെന്ന കാരണത്താല്‍ ബന്ധുക്കള്‍ വീട്ടില്‍ കയറ്റാതിരുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് എടപ്പാള്‍ സ്വദേശിയായ യുവാവ് വിദേശത്തു നിന്നും വീട്ടിലെത്തിയത്. എത്തുന്ന വിവരം നേരത്തേ തന്നെ വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ യുവാവിനെ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീടു തുറന്നു നല്‍കി അവിടെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും ബന്ധുക്കള്‍ നിരസിച്ചു. എടപ്പാള്‍ സിഎച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍ അബ്ദുല്‍ ജലീല്‍ ഇടപെട്ട് ആംബുലന്‍സ് എത്തിച്ചാണ് മണിക്കൂറുകള്‍ക്കു ശേഷം ഇയാളെ നടുവട്ടത്തെ ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് മാറ്റിയത്.