29 June, 2020 06:19:50 PM


കളർ ഫോട്ടോസ്റ്റാറ്റ് മെഷീനില്‍ കള്ളനോട്ടടി; തമിഴ്നാട് സ്വദേശി കൊണ്ടോട്ടിയിൽ അറസ്റ്റില്‍



മലപ്പുറം: ജില്ലയുടെ വിവിധ ടൗണുകൾ കേന്ദ്രീകരിച്ച് കള്ളനോട്ടുകൾ വിതരണം ചെയ്തു വന്ന തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി സതീഷ് (24) നെ കള്ളനോട്ട് വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കൊണ്ടോട്ടി ടൗണിൽ വച്ച് കൊണ്ടോട്ടി സി ഐ കെ എം ബിജുവിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ്‌ പിടികൂടി.


ഗൂഡല്ലൂരിൽ വച്ച് 2011 ൽ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. അന്ന് അമ്മയുടെ സഹായത്തോടെയാണ് ഇയാൾ അച്ഛനെ കൊന്നത്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ഹോട്ടൽ ജോലി ചെയ്തുവരികയായിരുന്നു. ലോക് ഡൗൺ സമയത്ത് യൂട്യൂബിൽ നിന്നാണ് കള്ളനോട്ട് നിർമ്മിക്കുന്നത് കണ്ട് പഠിച്ചത്.


തുടർന്ന് നിർമ്മാണത്തിനുള്ള കമ്പ്യൂട്ടറും മറ്റും വാങ്ങിച്ചു . മുൻപ് ഇയാൾ പണിയെടുത്തിരുന്ന കാരക്കുന്നിലെ ഹോട്ടലിൻ്റെ പുറകിലെ വീട്ടിൽ സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു. അവിടെ രണ്ട് മാസത്തോളമായി ഹോട്ടൽ തൊഴിലാളികൾ ഇല്ലാതിരുന്നതും പ്രതിക്ക് അനുകൂലമായി . രാത്രി 12 മണിക്ക് ശേഷം സ്ഥലത്ത് എത്തുന്ന ഇയാൾ പുലർച്ചെ ഇവിടെ നിന്നും നിർമ്മിച്ച നോട്ടുകളുമായി പോവുകയുമായിരുന്നു പതിവ്.


200 ന്റേയും 500 ൻ്റേയും നോട്ടുകളാണ് നിർമ്മിച്ചിരുന്നത്. കളർ ഫോട്ടോസ്റ്റാറ്റ് മെഷീൻ ഉപയോഗിച്ചായിരുന്നു നോട്ടു പ്രിൻറിംഗ് . മികച്ച നിലവാരമുള്ള കടലാസിൽ ഇരു വശവും ഒരുപോലെ അച്ചടിച്ച് എടുക്കുന്നതിൽ പ്രതി വിദഗ്ധനായിരുന്നു. ഇങ്ങനെ അച്ചടിക്കുന്ന നോട്ടിൽ ത്രെഡ് ഒട്ടിക്കും. ചെലവഴിക്കുവാൻ എളുപ്പമാവും എന്നതിനാലാണ് ചെറിയ സംഖ്യയുടെ നോട്ടുകൾ നിർമ്മിച്ചിരുന്നത് എന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 


നോട്ടിൽ ത്രഡ് ഇടാൻ ഉപയോഗിക്കുന്ന സ്റ്റിക്കറുകളും കമ്പ്യൂട്ടറും , നോട്ടടിക്കാൻ ഉപയോഗിച്ച പേപ്പറുകളും മറ്റും കാരക്കുന്നിലെ ഈ വീട്ടിൽ നിന്നും കണ്ടെടുത്തു. ഇയാൾ ജില്ലയിലെ പെട്രോൾ പമ്പുകളും ബാറുകളും പലചരക്ക് കടകളും കേന്ദ്രീകരിച്ചാണ് നോട്ടുകൾ ചിലവാക്കിയിരുന്നത്. കൊണ്ടോട്ടി ടൗണിൽ ചിലവാക്കാനായി കൊണ്ടുവന്ന 20 ഓളം 200ൻ്റെ കള്ളനോട്ടുകളും ഇയാളിൽ നിന്നും കണ്ടെടുത്തു.


കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം ഐ പി എസിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി ഹരിദാസൻ്റെ നിർദ്ദേശ പ്രകാരം കൊണ്ടോട്ടി സി ഐ കെ എം ബിജുവിൻ്റെ നേത്യത്വത്തിൽ എസ് ഐ വിനോദ് വലിയാറ്റൂർ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് , അജയൻ, സ്മിജു, ഷാക്കിർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K