06 June, 2020 01:17:17 PM
അടിപിടി കേസിൽ ഉൾപ്പെട്ടവർക്ക് കോവിഡ്; എസ്ഐ ഉൾപ്പെടെ ആറു പോലീസുകാർ ക്വറന്‍റീനിൽ
മലപ്പുറം: അടിപിടി കേസിൽ ഉൾപെട്ട തമിഴ് നാട്ടുകാരന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ മലപ്പുറം കൽപകഞ്ചേരി പോലീസ് സ്റ്റേഷന്റെ പ്രവർത്തനം താളം തെറ്റി. എസ് ഐ അടക്കം 6 പേരാണ് ക്വറന്റിനിൽ പോയത്. പരാതിയിൽ ഉൾപ്പെട്ട മറ്റൊരാൾക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചത് ആശങ്ക കൂട്ടുന്നു.
കഴിഞ്ഞ മാസം 23 നാണ് കല്പകഞ്ചേരി സ്വദേശിയും തമിഴ്നാട്ടുകാരനും തമ്മിൽ തർക്കവും അടിപിടിയും നടന്നത്. കൽപകഞ്ചേരി സ്റ്റേഷനിൽ വച്ച് കേസ് ഇരുവരും ഒത്തുതീർപ്പ് ആക്കി. പിന്നീട് തമിഴ് നാട് സ്വദേശി നാട്ടിലേക്ക് മടങ്ങി. പക്ഷേ 31 ന് തമിഴ് നാട്ടുകാരന് കോവിഡ് സ്ഥിരീകരിച്ചതായി വിവരം കിട്ടി. അപ്പൊൾ തന്നെ എസ് ഐ അടക്കം 6 പേര് ക്വറന്റൈനിലേക്ക് മാറി. പിന്നാലെ ആണ് തമിഴ് നാട്ടുകാരനുമായി അടിയുണ്ടക്കിയ കൽപകഞ്ചേരി സ്വദേശിക്ക് അസുഖം സ്ഥിരീകരിച്ചത്.
എസ് ഐ അടക്കം ഉള്ളവരുടെ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും ക്വറന്റൈനിൽ തുടരാൻ ആണ് തീരുമാനം. രോഗം സ്ഥിരീകരിച്ച കൽപകഞ്ചേരിക്കാരൻ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. ലക്ഷണങ്ങൾ ഇല്ലാതെ ആണ് അസുഖം വന്നത് എന്നത് ആശങ്ക കൂട്ടുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ പേര് സമ്പർക്ക വിലക്കിൽ പോകേണ്ടിവരുമെന്നും പ്രദേശം കണ്ടയിൻമെന്റ് സോൺ ആക്കേണ്ടി വരും എന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നുണ്ട്.