27 May, 2020 07:27:10 PM
അടുത്ത പ്രളയവും വരാറായി: കവളപ്പാറയിലെ ആദിവാസികൾ ഇപ്പോഴും ക്യാമ്പിൽ
നിലമ്പൂർ: കവളപ്പാറയിലെ ഉരുൾ പൊട്ടൽ ദുരന്തത്തിൽ പ്രിയപ്പെട്ടവർക്ക് ഒപ്പം എല്ലാം നഷ്ടമായ ആദിവാസി വിഭാഗക്കാർക്ക് വീടും സ്ഥലവും നൽകുന്ന കാര്യത്തിൽ സര്‍ക്കാരിന്‍റെ അലംഭാവം തുടരുന്നു. ദുരന്തം ഉണ്ടായി 9 മാസങ്ങൾ പിന്നിട്ടിട്ടും അവർ പോത്തുകല്ലിലെ ദുരിതാശ്വാസക്യാമ്പിൽ തുടരുകയാണ്. മുണ്ടേരിക്കടുത്ത വാണിയംപുഴ കോളനി തന്നെ ഇല്ലാതായതോടെ പകല്‍പോലും കാട്ടാനയിറങ്ങുന്ന കൊടുംവനത്തിനുളളില്‍ കുടില്‍ കെട്ടി താമസിക്കുന്ന 36 കുടുംബങ്ങള്‍ വേറെയും. ജില്ലാ കലക്ടറും നിലമ്പൂർ എംഎൽഎയും തമ്മിൽ ഉള്ള തർക്കമാണ് ഇവരെ പെരുവഴിയിൽ നിർത്തുന്നത്.
ക്യാമ്പിൽ നിക്കാൻ ഇഷ്ടമുണ്ടായിട്ടല്ല തുടരുന്നതെന്നും പക്ഷേ ഇറങ്ങിയാൽ പിന്നെ തങ്ങളെ ആരും പരിഗണിക്കില്ലെന്നും അറിയാവുന്നതുകൊണ്ടാണ് ദുരിതങ്ങള്‍ അനുഭവിച്ചും തുടരുന്നതെന്ന് ആദിവാസി കോളനി നിവാസികള്‍ പറയുന്നു. അധികൃതരുടെ കണക്കിൽ കവളപ്പാറയിലെ 24 ആദിവാസി കുടുംബങ്ങൾക്ക് ആണ് വീട് നൽകേണ്ടത്. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കലക്ടർ ജാഫർ മാലികും എംഎൽഎ പി വി അൻവറും തമ്മിൽ കൊമ്പ് കോർത്തപ്പോൾ പ്രതിസന്ധിയിൽ ആയത് ശരിക്കും ഇവരാണ്.
ആനക്കല്ലിൽ 9 ഏക്കർ ഭൂമി ഏറ്റെടുത്ത് കവളപ്പാറയിലെ ആദിവാസി കുടുംബങ്ങൾക്ക് മാതൃകാഗ്രാമം തീർക്കാനായിരുന്നു കളക്ടറുടെ പദ്ധതി. സർക്കാരിന്‍റെ അനുമതിക്ക് അയച്ച പദ്ധതിക്ക് എതിരെ എംഎൽഎ പി വി അൻവർ രംഗത്ത് വന്നതോടെ അക്കാര്യത്തിൽ തുടർനടപടി ഉണ്ടായില്ല. അതിനിടെ എടക്കര പഞ്ചായത്തിലെ മലച്ചിയിൽ ഫെഡറല്‍ ബാങ്ക് നിർമിച്ച് നൽകുന്ന 21 വീടുകൾ ചളിക്കൽ കോളനിക്കാർക്ക് പകരം കവളപ്പാറക്കാർക്ക് നൽകണമെന്ന ആവശ്യവുമായി പി വി അൻവർ രംഗത്തെത്തുകയും നിർമാണം തടയുകയും ചെയ്തു.
തുടര്‍ന്ന് കളക്ടർ - എംഎൽഎ പോര് വലിയ വിവാദങ്ങൾക്ക് വഴി ഒരുക്കിയെങ്കിലും സ്ഥലമേറ്റെടുക്കൽ എങ്ങുമെത്തിയില്ല. കവളപ്പാറ ദുരന്തത്തിൽ ഇരകളായ മറ്റ് വിഭാഗക്കാർക്ക് വീടുകൾ ഉയർന്ന് തുടങ്ങുമ്പോഴും ആദിവാസികൾക്ക് വേണ്ട ഭൂമി ഏറ്റെടുക്കൽ ഇപ്പോഴും ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുക ആണ്. ഇനി പുതിയ കളക്ടർ ചാർജ്ജ് എടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കാൻ മാസങ്ങൾ എടുത്തേക്കുമെന്നാണ് ചൂണ്ടികാട്ടപ്പെടുന്നത്.