18 May, 2020 10:09:11 AM
ബ്ലാക്ക്മാനുവേണ്ടി വീശിയ വലയില് കുടുങ്ങിയത് മീൻ പിടിത്തകാർ
നിലമ്പൂർ: നാട്ടുകാർ വലവിരിച്ച് കാത്തിരുന്നത് ബ്ലാക്ക്മാനുവേണ്ടി. കുരുങ്ങിയതാകട്ടെ മീൻപിടിക്കാനെത്തിയ യുവാക്കൾ. നിലമ്പൂർ മേഖലയിൽ കുറച്ച് ദിവസങ്ങളായി ബ്ലാക്ക്മാനെന്ന പേരിൽ സാമൂഹികവിരുദ്ധരുടെ വിളയാട്ടം നടക്കുന്നുണ്ട്. ഇവരെ പിടികൂടാനായി നാട്ടുകാർ വലവിരിച്ച് കാത്തിരിക്കുന്നതിനിടെയാണ് ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ മമ്പാട് ബീമ്പുങ്ങൽ കടവ് പാലത്തിന് സമീപം അപരിചിതനായ യുവാവിനെ കണ്ടത്.
ചോദ്യം ചെയ്തതോടെ രണ്ടുപേർ കൂടി ഉണ്ടെന്ന് ബോധ്യപ്പെടുകയും പുഴ കടവിൽ ഇവരെ കണ്ടെത്തുകയും ചെയ്തു. ഇതോടെ യുവാക്കളെ തടഞ്ഞുവെച്ച് നാട്ടുകാർ നിലമ്പൂർ പൊലീസിന് വിവരം നൽകുകയായിരുന്നു. അസമയത്ത് സംശയകരമായി കണ്ടതിനാലും കോവിഡ് കാലത്ത് സർക്കാർ നിർദേശം പാലിക്കാത്തതിനാലും പിടിയിലായ പൂന്താനം ചോലക്കൽ നൗഫൽ (22), കീഴാറ്റൂർ സ്വദേശികളായ ചെട്ടിയാംതൊടി ഷെരീഫ് നിസാം (26), തെക്കുംപുറത്ത് ശിവപ്രസാദ് (25) എന്നിവർക്കെതിരെ നിലമ്പൂർ ഇൻസ്പെക്ടർ ബിനു കേസെടുത്തു.
നിലമ്പൂർ: ബ്ലാക്ക്മാന്റെ മറവിൽ കിടപ്പറയിൽ ഒളിഞ്ഞുനോക്കിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. നിലമ്പൂർ പാത്തിപ്പാറ സ്വദേശി റെനീസിനെയാണ് (25) പിടികൂടിയത്.
വീടിന്റെ ടെറസിൽ കയറി ഒളിഞ്ഞുനോട്ടത്തിന് ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. വീട്ടുകാരുടെ പരാതിയിൽ നിലമ്പൂർ സി.ഐ ബിനു ഇയാളെ അറസ്റ്റ് ചെയ്തു.
ബ്ലാക്ക്മാൻ: ഭീതിപരത്തി സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം
വണ്ടൂർ: ശൗചാലയത്തിൽ കയറിയ വീട്ടമ്മയെ അജ്ഞാതൻ കമ്പി കൊണ്ട് പരിക്കേൽപിച്ചു. കൂരാട് മാടമ്പം പാറാതൊടിക അബ്ദുൽ റഫീഖിന്റെ ഭാര്യ ഷാനിമോളിനാണ് (42) മുഖത്ത് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. വെന്റിലേറ്ററിന് പകരംവെച്ച ദ്വാരത്തിലൂടെ മൂർച്ഛയുള്ള എന്തോ വസ്തുകൊണ്ട് മുറിവേൽപ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഷാനിമോളുടെ നിലവിളികേട്ട് വീട്ടുകാർ ഇറങ്ങി പരിസരത്ത് പരിശോധന നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയില്ല. മൂന്നുദിവസം മുമ്പ് വീടിനുള്ളിലേക്ക് മുളകുപൊടി എറിഞ്ഞിരുന്നു. കൂടാതെ ടെറസിന് മുകളിൽ ഉള്ള വസ്ത്രങ്ങൾ ബ്ലേഡ് വെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. ഷാനിമോളെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകി. മുഖത്ത് രണ്ട് മുറിവുകളുണ്ട്. വണ്ടൂർ സി.ഐ സുനിൽ പുളിക്കലും സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.