17 May, 2020 03:00:04 PM
എടപ്പാളിൽ നിന്ന് ഇരുചക്രവാഹനത്തിൽ യാത്രതിരിച്ച അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് തടഞ്ഞു
എടപ്പാൾ: എടപ്പാളിൽ നിന്നും കുമരനെല്ലൂരിൽ നിന്നും ഇരുചക്രവാഹനത്തിൽ നാട്ടിലേക്ക് യാത്രതിരിച്ച ഇതര സംസ്ഥാന തൊഴിലാളികളെ വടകരയിൽ പൊലീസ് തടഞ്ഞു. 26 ഇരുചക്രവാഹനങ്ങളിലായി 52 പേരാണ് മധ്യപ്രദേശിലെ മുഗാന ജില്ലയിലേക്ക് ശനിയാഴ്ച യാത്ര പുറപ്പെട്ടത്. സംഘത്തിൽ രണ്ട് സ്ത്രീകളും, രണ്ടു പിഞ്ചുകുട്ടികളുമുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മൂരാട് പാലത്തിൽ സംഘം എത്തിയത്.
ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വടകര സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് ദേശീയ പാതയിലെ കരിമ്പനപ്പാലത്ത് വെച്ച് വടകര സിഐ പി എസ് ഹരീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിടികൂടുകയായിരുന്നു. വർഷങ്ങളായി സംസ്ഥാനത്ത് താമസിച്ച് ടൈൽസ് ജോലി ചെയ്തു വരുന്നവരാണിവർ.