26 April, 2020 01:45:27 PM
പള്ളിയിൽ തറാവീഹ് നമസ്കാരം: പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ഏഴ് പേർ അറസ്റ്റിൽ
പരപ്പനങ്ങാടി: ലോക്ഡൗൺ നിർദേശം ലംഘിച്ച് പള്ളിയിൽ രാത്രി തറാവീഹ് നമസ്കാരം നടത്തിയ ഏഴുപേരെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. ചെട്ടിപ്പടിയിൽ ഹെൽത്ത് സെന്‍ററിന് സമീപത്തെ നമസ്കാര പള്ളിയില്‍ രാത്രി നമസ്കാരം നടത്തുകയായിരുന്ന ചെട്ടിപ്പടി സ്വദേശികളായ അബ്ദുല്ല കോയ, കാസിം, മുഹമ്മദ് ഇബ്രാഹിം, നാസർ, റസാഖ്, സെയ്ദലവി, മുഹമ്മദ് അഷറഫ് എന്നീ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്.
പൊലീസ് എത്തിയപ്പോൾ ഇറങ്ങിയോടിയ ഇവർക്കെതിരെ ലോക്ഡൗൺ ലംഘിച്ചതിന്ന് കേസ് എടുത്തശേഷം ജാമ്യത്തിൽ വിട്ടയച്ചു. രണ്ടുവർഷം തടവും 10,000 രൂപ പിഴയും ശിക്ഷയായി ലഭിക്കുന്ന തെറ്റാണിതെന്നും പരിശോധനകൾ തുടരുമെന്നും ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.
കൂട്ടംചേര്‍ന്ന് പ്രാർഥന നടത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി എട്ടിന് ലോക്ഡൗണ്‍ ലംഘിച്ച് ചങ്ങരംകുളം ചിയ്യാനൂരില്‍ തറാവീഹ് നമസ്കാരത്തിന് പ്രദേശവാസികളായ ഏതാനും പേര്‍ എത്തിയത്. കൂട്ടംചേര്‍ന്ന് പള്ളിയില്‍ പ്രാര്‍ഥന നടത്തുന്നത് അറിഞ്ഞ് ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലെ സംഘം എത്തിയാണ് പരിസരവാസികളായ അഞ്ചുപേരെ കസ്റ്റഡിയിൽ എടുത്തത്.