06 April, 2020 10:27:39 AM


സമൂഹ അടുക്കളയിൽനിന്ന് ആഹാരം കഴിച്ച വയോധികന് സിപിഎം പ്രവര്‍ത്തകന്‍റെ അവഹേളനം



മലപ്പുറം: മലപ്പുറം കരുളായിയിൽ സമൂഹ അടുക്കള വഴി ഭക്ഷണം വാങ്ങിയ വൃദ്ധനെ വാളണ്ടിയറായ സിപിഎം പ്രവര്‍ത്തകൻ അവഹേളിച്ചുവെന്ന് പരാതി. കഴിച്ച ഭക്ഷണത്തിന് വളണ്ടിയറായ അബു നൗഫൽ കണക്ക് പറഞ്ഞ്  അപമാനിച്ചെന്ന പരാതിയുമായി എൺപത്തിയഞ്ചുകാരൻ ഖാലിദാണ് രം​ഗത്തെത്തിയത്.


സൗജന്യ റേഷൻ കിട്ടുന്നില്ലേ, പിന്നെന്തിന് ഭക്ഷണം വാങ്ങുന്നുവെന്ന് വാളണ്ടിയര്‍ ചോദിച്ചതായി ഖാലിദ് പറയുന്നു. അവഹേളനത്തെ തുടർന്ന് ഭക്ഷണപൊതി തിരിച്ചുകൊടുത്ത വൃദ്ധൻ അഞ്ച് ദിവസം കഴിച്ച ഭക്ഷത്തിന് വിലയായി മൂന്നൂറ് രൂപ പഞ്ചായത്ത് ഓഫീസില്‍ കൊണ്ടുപോയി കൊടുത്തു. എന്നാൽ, പണം വാങ്ങാതെ ക്ഷമ പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി മടക്കിവിട്ടു.


അപമാനിക്കപ്പെട്ട സങ്കടത്തിലാണ് സമൂഹ അടുക്കള വഴി ഭക്ഷണം വാങ്ങിയതിന് പണം തിരിച്ച് നൽകാൻ തയ്യാറായതെന്ന് ഖാലിദ് പറയുന്നു.  സിപിഎം വനിതാ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫാത്തിമ സലിമിന്‍റെ മകനാണ് വളണ്ടിയറായ അബു നൗഫൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K