03 April, 2020 05:23:44 PM
ഒരു കോവിഡ് കാല പ്രണയം: പെണ്‍കുട്ടി 44 കിലോമീറ്റര്‍ നടന്ന് കാമുകന്‍റെ വീട്ടിലെത്തി
മലപ്പുറം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെത്തേടി യുവതി അയാളുടെ വീട്ടിലെത്തിയത് 44 കിലോമീറ്റര്‍ നടന്ന്. മഞ്ചേരിയിലെ 19കാരിയും വഴിക്കടവ് സ്വദേശി 20കാരനുമാണ് കഥയിലെ നായികാനായകന്മാര്‍. യുവതി പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും യുവാവ് ഇലക്ട്രീഷ്യനും. വീട്ടുകാര്‍ വിവാഹത്തിന് എതിരുനില്‍ക്കുമെന്ന സംശയത്തിലാണ് യുവതി ഒളിച്ചോടി കഴിഞ്ഞ ദിവസം യുവാവിന്‍റെ വീട്ടിലെത്തിയത്.
വഴിനീളെ പൊലീസിന്‍റെ പരിശോധന ഉണ്ടായിരുന്നെങ്കിലും നുണകള്‍ പറഞ്ഞു രക്ഷപ്പെട്ടു. മരുന്നു വാങ്ങാനും സാധനം വാങ്ങാനും എന്ന പല വിധ കഥകള്‍ പറഞ്ഞു. യുവതി ആയതു കൊണ്ട് തന്നെ പൊലീസുകാരും കണ്ണടച്ച് വിശ്വസിച്ചു. അങ്ങനെ യുവതി കേരളത്തിന്‍റെ അതിര്‍ത്തിയില്‍ എത്തി. മഞ്ചേരിയില്‍ നിന്ന് വഴിക്കടവിലേക്കുള്ള 44 കിലോമീറ്റര്‍ ദൂരം ഒന്നര മണിക്കൂര്‍ ആണ് സാധാരണ യാത്രാസമയം.
ജില്ലാ അതിര്‍ത്തികളൊന്നും കടക്കേണ്ടതില്ലാത്തത് യുവതിയ്ക്ക് തുണയായി. കാമുകന്‍റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കണ്ട് 20-കാരന്‍റെ വീട്ടുകാരും ഞെട്ടി. താന്‍ ഇനി ഒരിടത്തും പോകില്ലെന്നും അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രണയം തുടങ്ങിയതെങ്കിലും ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നു. കോവിഡ് കാലത്ത് കാമുകനെ കാണാനാകാത്തതിന്‍റെ മാനസിക വിഷമമായിരുന്നു യുവതിയുടെ യാത്രയ്ക്ക് പിന്നില്‍.
വാഹന പരിശോധന ശക്തമായതിനാല്‍ കാമുകന് യാത്ര ചെയ്താല്‍ പൊലീസ് പൊക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടാണ് പെണ്‍കുട്ടി റിസ്‌ക് എടുത്തത്. ഇതിനിടെ പെണ്‍കുട്ടി മിസ്സിംഗാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞു. യുവതിയുടെ വീട്ടുകാര്‍ മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരസ്യമായി തന്നെയുള്ള ഒളിച്ചോട്ടമായി ഇതിനെ മാറ്റാന്‍ യുവതി ആഗ്രഹിച്ചതു കൊണ്ട് തന്നെ പൊലീസിന് കാമുകനേയും കാമുകിയേയും കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല.
മഞ്ചേരി ഇന്‍സ്പെക്ടര്‍ കമിതാക്കളെയും വീട്ടുകാരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു. വഴിക്കടവില്‍ നിന്നു കാറിലാണ് പുറപ്പെട്ടത്. വഴിയില്‍ പൊലീസ് തടഞ്ഞു. യാത്ര പൊലീസ് സ്റ്റേഷനിലേക്കാണെന്ന് കാറിലുണ്ടായിരുന്ന കാമുകന്‍റെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. ഇത് മഞ്ചേരി പൊലീസുമായി ബന്ധപ്പെട്ട് പലരും ഉറപ്പാക്കി. ഇതോടെ കോവിഡുകാലത്ത് ഈ കാര്‍ മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി.
തുടര്‍ന്ന് പൊലീസ് കാര്യങ്ങള്‍ തിരക്കി. വിവാഹം കൂടിയേ തീരൂവെന്ന് കാമുകനും കാമുകിയും നിലപാട് എടുത്തു. പൊലീസ് ബന്ധുക്കളോട് കാര്യങ്ങള്‍ തിരക്കി. ഇരുവരുടെയും ബന്ധുക്കള്‍ സമ്മതിച്ചതോടെ ലോക് ഡൗണ്‍ കാലത്തെ ഒളിച്ചോട്ടം സ്റ്റേഷനില്‍ തീര്‍ന്നു. പക്ഷേ, വിവാഹത്തിന് കാമുകനും കാമുകിയും കാത്തിരിക്കണം. കല്ല്യാണത്തിന് യുവാവിനു 21 വയസ്സ് തികയും വരെ കാത്തിരിക്കണം. യുവതിയെ വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയച്ചത് പൊലീസ് കല്യാണത്തിന് സമ്മതിക്കുമെന്ന ഉറപ്പ് വാങ്ങിയാണ്. അടുത്ത കൊല്ലം ഇതേ സമയം ഇവര്‍ക്ക് ഇനി വിവാഹം.