02 April, 2020 09:40:53 PM
കോവിഡ് ബാധിതന്‍ സഞ്ചരിച്ച ടാക്സി ഡ്രൈവറുടെ റൂട്ട് മാപ്പ്: റസിഡന്‍റ്സ് അസോസിയേഷന്‍ വിവാദത്തിൽ
മലപ്പുറം: കോവിഡ് ബാധിച്ചയാളെ റെയിൽവെ സ്റ്റേഷനിലെത്തിച്ച ടാക്സി ഡ്രൈവറുടെ റൂട്ട് മാപ്പ് ഉണ്ടാക്കി പ്രചരിപ്പിച്ച റസിഡന്‍റ്സ് അസോസിയേഷന്റെ നടപടി വിവാദത്തിൽ. മലപ്പുറം - കോഴിക്കോട് അതിര്‍ത്തിയിലെ ഐക്കരപ്പടി റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ നടപടിയാണ് വിവാദത്തിലായത്. മാര്‍ച്ച് 18ന് കോവിഡ് ബാധിതനായ കണ്ണൂര്‍ സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ വിട്ട എക്കരപ്പടിയിലെ ടാക്‌സി ഡ്രൈവര്‍ നിരീക്ഷണത്തിലായിരുന്നു.
ഈ ടാക്‌സി ഡ്രൈവരുടെ സഞ്ചാരപാത തയ്യാറാക്കിയ വെണ്ണായൂര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ നടപടിയാണ് വിവാദമായത്. ടാക്‌സി ഡ്രൈവര്‍ സന്ദര്‍ശിച്ചതിനാല്‍ ബന്ധുവീട്ടിലെ ജോലിക്കാരിയെയും മകളെയും അസോസിയേഷന്‍കാര്‍ സ്വന്തം വീട്ടില്‍ കയറുന്നത് വിലക്കിയെന്നും ആരോപണമുയര്‍ന്നു. ജില്ലാഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി റൂട്ട് മാപ്പ് തയ്യാറാക്കുകയും രണ്ട് സ്ത്രീകളെ വിലക്കുകയും ചെയ്ത സംഭവത്തില്‍ നടപടി വേണമെന്ന് ടാക്‌സി ഡ്രൈവറുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ വരുന്ന പ്രദേശമാണ് ഐക്കരപ്പടി. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമാണിത്. റസിഡന്‍റ്സ് അസോസിയേഷന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. അതേസമയം നിരീക്ഷണത്തിലുള്ളയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയോ സ്ത്രീകളെ വിലക്കുകയോ ചെയ്തിട്ടില്ലെന്ന് റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.