30 March, 2020 09:53:12 PM
'ഭായി'മാര്‍ക്ക് പോകാന്‍ ട്രയിൻ ഉണ്ടെന്ന് വ്യാജ പ്രചാരണം; രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
മലപ്പുറം: നിലമ്പൂരിൽ നിന്ന് ഉത്തരേന്ത്യയിലെക്ക് ട്രെയിൻ സർവീസ് ഉണ്ടെന്ന വ്യാജ പ്രചരണം നടത്തിയതിന് ഒരു കോൺഗ്രസ് പ്രവർത്തകനെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ മുണ്ടേങ്ങര, തുവ്വക്കുന്നു വീട്ടിൽ ഷെരീഫ് ആണ് അറസ്റ്റിലായത്. ഇന്നലെ ഇതേ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആയ സക്കീർ തുവ്വക്കാടിനെ എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിലമ്പൂരിൽ നിന്നും അടുത്ത ദിവസം രാത്രി ഉത്തരേന്ത്യയിലേക്ക് ട്രെയിൻ ഉണ്ടെന്ന് സക്കീർ എടവണ്ണയിലെ വാട്സ്ആപ് ഗ്രൂപ്പുകളിൽ സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ എടവണ്ണ പൊലീസ് സക്കീറിനെ കസ്റ്റഡിയിൽ എടുത്തു. സക്കീറിനോട് ട്രെയിൻ ഉണ്ടെന്ന വ്യാജ വാർത്ത പറയാൻ ആവശ്യപ്പെട്ടത് ഷെരീഫ് ആണ്. പൊലീസ് ചോദ്യം ചെയ്തപ്പോൾ ആദ്യം ഷെരീഫ് ഇക്കാര്യം നിഷേധിച്ചു. പക്ഷേ ഫോൺ റെക്കോർഡുകൾ പരിശോധിച്ചതോടെ കള്ളം പൊളിഞ്ഞു.
അടുത്ത ദിവസങ്ങളിൽ ഇവിടെ നിന്നും ഭായിമാർക്ക് ട്രെയിൻ ഉണ്ടാകും എന്ന് ഷെരീഫ് ആണ് സക്കീറിനോട് പറഞ്ഞത്. സക്കീർ അത് പ്രചരിപ്പിച്ചപ്പോൾ, ട്രെയിൻ അടുത്ത ദിവസം രാത്രി തന്നെ നിലമ്പൂരിൽ നിന്നും ഉണ്ടെന്നും, സ്റ്റേഷനിൽ വിളിച്ച് ഉറപ്പാക്കണം എന്നുമായി. രണ്ടു പേർക്കും എതിരെ ഐപിസി 151,505 വകുപ്പുകൾ പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.