26 March, 2020 06:09:19 PM
കൊണ്ടോട്ടിയില്‍ പരിശോധനയ്ക്ക് ഇറങ്ങിയ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് പോലീസ് മര്‍ദ്ദനം
മലപ്പുറം: കൊണ്ടോട്ടിയില്‍ അവശ്യവസ്തുക്കളുടെ ക്ഷാമവും വില വർദ്ദനവും പരിശോധിക്കാൻ എത്തിയ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് പോലീസ് മര്‍ദ്ദനം. പോലീസ് സബ് ഇന്‍സ്പെക്ടര്‍ ചൂരല്‍ വീശി പാഞ്ഞടുക്കുന്നത് കണ്ട മുനിസിപ്പല്‍ ചെയര്‍പേഴ്സണും കൌണ്‍സിലറും ഓടി മാറിയതിനാല്‍ മര്‍ദ്ദനമേല്‍ക്കാതെ രക്ഷപെട്ടു. കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സി.ഷീബയുടെ നേതൃത്വത്തിലുള്ള സംഘം മുണ്ടപ്പലം എന്ന സ്ഥലത്ത് കടകളില്‍ പരിശോധന നടത്തുന്നതിനിടെ ഇന്ന് രാവിലെ 10.30 മണിയോടെ ആയിരുന്നു സംഭവം.
നഗരസഭാ സെക്രട്ടറി പി.പി.ബാബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കൌണ്‍സിലര്‍ മമ്മദ് ഷായും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഭിലാഷും ചെയര്‍പേഴ്സണോടൊപ്പം ചിതറി ഓടിയതിനാല്‍ അടിയേല്‍ക്കാതെ രക്ഷപെട്ടു. ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ കാര്‍ഡ് കഴുത്തില്‍ തൂക്കിയിട്ടിട്ടുണ്ടായിരുന്നു. നഗരസഭാ ചെയര്‍പേഴ്സന്‍റെ ഔദ്യോഗികവാഹനവും ഇവരുടെ അടുത്ത് തന്നെ കിടപ്പുണ്ടായിരുന്നു. എന്നിട്ടും ഇവരെന്തെടുക്കുകയാണെന്ന് അന്വേഷിക്കാന്‍ പോലും തയ്യാറാകാതെ ചൂരല്‍പ്രയോഗം നടത്തുകയായിരുന്നു എസ്ഐ.
കടയുടെ മുന്നില്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കെ അതുവഴി വന്ന പോലീസ് ജീപ്പ് റോഡിന്‍റെ മറുവശത്ത് മാറ്റി നിര്‍ത്തി അതില്‍ നിന്നും ഇറങ്ങി ഓടിയെത്തിയ എസ്ഐ വിനോദ് ചൂരലുമായി ഓടിവന്ന് പിന്നില്‍നിന്നും അടിക്കുകയായിരുന്നു. പിന്നാലെ മറ്റ് പോലീസുകാരും ഓടിയെത്തി. ഇതിനിടെ പേടിച്ചോടിയ നഗരസഭാ അധ്യക്ഷ തന്‍റെ വാഹനത്തിനുള്ളില്‍ കയറി. കൃത്യനിര്‍വ്വഹണത്തിനിടെ പോലീസ് മര്‍ദ്ദിച്ചതിനെതിരെ ചെയര്‍പേഴ്സണും ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. അതേസമയം സ്റ്റേഷനില്‍ വിളിച്ചു ചോദിച്ചെങ്കിലും ഇതേപറ്റി ഒന്നും സംസാരിക്കാന്‍ തയ്യാറാവാതെ ഫോണ്‍ കട്ട് ചെയ്യുകയാണ് കൊണ്ടോട്ടി പോലീസ് ചെയ്തത്.