18 February, 2020 03:01:15 PM


തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടിൽ ജനിച്ച ആറ് കുട്ടികളും മരിച്ചു: പോലീസ് കേസെടുത്തു




തിരൂർ: മലപ്പുറം തിരൂരിൽ ഒമ്പത് വർഷത്തിനിടെ ഒരു വീട്ടിലെ ആറു കുട്ടികൾ മരിച്ചു. തറമ്മൽ റഫീഖ് - സബ്ന ദമ്പതിമാരുടെ മക്കളാണ് മരിച്ചത്. 93 ദിവസം പ്രായമുള്ള ആറാമത്തെ കുഞ്ഞ് ചൊവ്വാഴ്ച രാവിലെ മരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. മരണശേഷം രാവിലെ പത്തുമണിയോടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ സംസ്കരിച്ചതാണ് കൂടുതൽ സംശയങ്ങൾക്കിട നൽകിയത്.


സംഭവത്തിൽ സംശയം തോന്നിയ അടുത്ത വീട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. രക്ഷിതാക്കൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടികളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നുതന്നെ മൃതദേഹം പുറത്തെടുത്ത് മൃതദേഹ പരിശോധന നടത്തി മരണകാരണം കണ്ടെത്തുമെന്ന് മലപ്പുറം എസ്പി യു.അബ്ദുൾ കരീം പറഞ്ഞു.


2010-ൽ ആയിരുന്നു റഫീക്കിന്റെയും സബ്നയുടെയും വിവാഹം. 2011 മുതൽ 2020 വരെ ഇവർക്ക് ആറു കുട്ടികൾ ജനിച്ചു. 3 പെൺകുട്ടികളും 3 ആൺകുട്ടികളുമായിരുന്നു. ഇവരിൽ അഞ്ചുകുട്ടികളും മരിച്ചത് ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴായിരുന്നു. നാലര വയസ്സിലാണ് ഒരു പെൺകുട്ടി മരിച്ചത്. അപസ്മാരമാണ് കുട്ടികൾ മരിച്ചതിന് കാരണമെന്നാണ് മാതാപിതാക്കളുടെ വിശദീകരണം. ഇതുവരെ അയൽവീട്ടുകാർക്ക് കുട്ടികളുടെ മരണം സംബന്ധിച്ച് സംശയം തോന്നിയിരുന്നില്ല. എന്നാൽ ചൊവ്വാഴ്ച കുട്ടി മരിച്ചതിന് തൊട്ടുപിന്നാലെ വളരെ വേഗത്തിൽ മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ചതോടെ അയൽവീട്ടുകാർക്ക് സംശയം തോന്നുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K