13 February, 2020 07:03:37 PM


കഞ്ചാവ് കടത്ത്: 71കാരി ഉള്‍പ്പെടെ രണ്ട് പേര്‍ മലപ്പുറത്ത് പിടിയിൽ



കൊണ്ടോട്ടി: 71 കാരി കഞ്ചാവ് കടത്ത് കേസിൽ എക്സൈസ് പിടിയിൽ. പാലക്കാട് ജില്ലയിൽ വടക്കുന്തറ, ചുണ്ണാമ്പുതറ വീട്ടിൽ നൂർജഹാൻ, തിരുരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ ചെളടയിൽ ദേശത്ത് പുത്തൻ പീടിയേക്കൽ മറ്റാനത്ത് വീട്ടിൽ കുട്ടിഹസ്സൻ മകൻ റാഫി എന്നിവരെ മലപ്പുറം എക്സൈസ് സംഘം ആണ് പിടികൂടിയത്. രണ്ടു പേരിൽ നിന്നുമായി 5 കിലോ കഞ്ചാവും പിടിച്ചെടുത്തു. കൊണ്ടോട്ടിയിൽ ചെറുകാവ് വില്ലേജ് ഓഫീസ് പരിസരത്ത് വെച്ച് ആണ് ഓട്ടോയിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവു പിടികൂടിയത്. നൂർജഹാൻ ആണ് തമിഴ്നാട്ടിൽ നിന്നും ഇടനിലക്കാരിയായി കഞ്ചാവ് കൊണ്ടുവന്നത്‌.


ഫറോക്ക് റെയിൽവെ സ്റ്റേഷനിൽ നിന്നും യാത്രക്കാരി എന്ന വ്യാജേന ഓട്ടോയിൽ കൊണ്ടുവരികയായിരുന്നു. ഇവർ നിരവധി കഞ്ചാവ് കേസുകളിൽ പ്രതി ആയിരുന്നു എന്ന് എക്സൈസ് പറയുന്നു. നൂർജഹാൻ കഞ്ചാവ് കൊണ്ട് വരും, റാഫി അത് വിതരണം ചെയ്യും, ഇതാണ് രീതി. കോഴിക്കോട് ജയിലിൽ വച്ചാണ് നൂർജഹാനെ റാഫി പരിചയപ്പെടുന്നത്. തിരൂരിൽ 2016 ൽ 2 കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയ നൂർജഹാൻ ജാമ്യത്തിൽ ഇറങ്ങി റാഫിയുമായി ചേർന്ന് കൂട്ടുകച്ചവടം ആരംഭിക്കുകയായിരുന്നു.


കൊണ്ടോട്ടിയിലും പരിസരത്തും രാമനാട്ടുകരയിലും ഗുഡ്സ് ഓട്ടോ റിക്ഷയിൽ പഴകച്ചവടം നടത്തുന്നതിന്റെ മറവിലാണ് റാഫി കഞ്ചാവ് വിൽപന നടത്തിയിരുന്നത്. കഞ്ചാവ് സംഘത്തിന്റെ പ്രധാന കണ്ണികളാണ് റാഫിയും നൂർജഹാനും. പരിയമ്പലത്തുള്ള വാടക വീട്ടിലാണ് കടത്തിക്കൊണ്ടു വരുന്ന കഞ്ചാവ് ഇവർ സൂക്ഷിച്ചു വരുന്നത്. നൂർജഹാനെ ഉപയോഗിച്ച് തമിഴ്നാട്ടിൽ നിന്നും കടത്തുന്ന കഞ്ചാവ്, 2 കിലോഗ്രാം അടങ്ങുന്ന ഒരു പാർസലിന് 6000 രൂപ നൽകി കൊണ്ട് വന്ന് 30000 രൂപക്ക് ഇട നിലക്കാർക്ക് നൽകും. ഇത് ചില്ലറ വിപണിയിൽ വിദ്യാർത്ഥികളിലും മറ്റും എത്തുമ്പോൾ 5 ഗ്രാം അടങ്ങിയ ഒരു പൊതി കഞ്ചാവിന് 500 രൂപ വിലവരും. 


റാഫി കഞ്ചാവ് കേസിൽ ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കെ ഹൈക്കോടതിയിൽ നിന്ന് അപ്പീലിൽ പുറത്ത് ഇറങ്ങിയതാണ്. നൂർജഹാൻ നാല് വർഷം മുൻപ് 6 കിലോ കഞ്ചാവുമായി തമിഴ്നാട് കമ്പത്ത് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലായിരുന്നു. ഇവർ ഇതിന് മുൻപും നിരവധി കേസുകളിൽ പിടിക്കപ്പെടുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ളവരാണ്. ഇവരിൽ നിന്നും കഞ്ചാവ് ഇടപാടിലൂടെ ലഭിച്ച 25,750 രൂപയും, കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്ന KL 14 N 2068 നമ്പർ ഓട്ടോറിക്ഷയും എക്സസൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K