08 February, 2020 05:14:35 PM
ചങ്ങരംകുളത്ത് അനധികൃത ടെലിഫോൺ എക്‌സ്‌ചേഞ്ച്: പാക് കോളുകൾ വന്നതായി കണ്ടെത്തല്‍
മലപ്പുറം: കേരളത്തിലും ഉത്തർപ്രദേശിലുമായി നടന്ന റെയ്ഡുകളിൽ, അനധികൃതമായി പ്രവർത്തിച്ചിരുന്ന വാർത്താവിനിമയ കേന്ദ്രങ്ങൾ കണ്ടെത്തി. മിലിറ്ററി ഇന്റലിജൻസിന്റെയും മുംബൈ പോലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് വി.ഒ.ഐ.പി എക്സ്ചേഞ്ചുകൾ പ്രവർത്തനരഹിതമാക്കിയത്. കേരളത്തിൽ എടപ്പാളിന് സമീപം ചങ്ങരംകുളത്ത് നടന്ന റെയ്ഡിൽ ഒരാൾ പിടിയിലായി.
പാലക്കാട് സ്വദേശി മുഹമ്മദ് കുട്ടി എന്നയാളാണ് മുംബൈ പോലീസും മിലിട്ടറി രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചങ്ങരംകുളത്തുനിന്ന് അറസ്റ്റിലായതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മുഹമ്മദ് കുട്ടി നേരത്തെ യുഎഇയില്‍ ജോലിചെയ്തിരുന്നു. അവിടെവെച്ച് പരിചയത്തിലായ ചിലര്‍ മുഖേനയാണ് ഈ ശൃംഖലയില്‍ കണ്ണിയായത്. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നുവെന്ന് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കി.
2019-ൽ ഇത്തരം എക്സ്ചേഞ്ചുകളിൽ നിന്നും പ്രതിരോധമേഖലയിലെ പ്രധാന വിവരങ്ങളെ പരാമർശിക്കുന്ന ഫോൺകോളുകൾ നിരന്തരം പോകുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. പാകിസ്ഥാനിൽ നിന്നും ഇത്തരം നമ്പറുകളിലേക്ക് ഇൻകമിങ് കോളുകൾ വരുന്നതായും അവർ കണ്ടെത്തിയിരുന്നു. പാക്കിസ്ഥാനിൽ നിന്നുമുള്ള കോളുകൾ ലോക്കൽ നമ്പർ കോളുകളായി മാറ്റി കാണിക്കുന്ന ചൈനീസ് നിർമ്മിത ജിഎസ്എം ബോക്സുകൾ റെയ്ഡിൽ പോലീസ് പിടിച്ചെടുത്തു.
അന്താരാഷ്ട്ര ഫോണ്‍കോളുകള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തി രൂപഭേദംവരുത്തുന്ന സംവിധാനമാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. രാജ്യത്തെ മൊബൈല്‍ സേവന ദാതാക്കളുടെ ഇടപെടലില്ലാതെ അന്താരാഷ്ട്ര കോളുകള്‍ സാധ്യമാക്കുന്ന സംവിധാനമാണിത്. ഇത്തരം ബോക്സുകളുടെ ഉപയോഗം ഇന്ത്യയിൽ ട്രായ് നിരോധിച്ചിട്ടുള്ളതാണ്.