06 February, 2020 11:18:51 PM
നിലമ്പൂർ പോലീസ് സ്റ്റേഷനില്‍ അക്രമം അഴിച്ചുവിട്ട സംഭവം: മൂന്ന് പേർ അറസ്റ്റിൽ
നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ നിലമ്പൂർ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും സിസിടിവിയടക്കം ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേർ അറസ്റ്റിലായി. ചന്തക്കുന്ന് പാലോട്ടില്‍ ഫാസില്‍ എന്ന ഇറച്ചി ഫാസിൽ, കരുളായി കോലോത്തുംതൊടിക അഹമ്മദ് ആഷിഖ്, ചന്തക്കുന്ന് തെക്കേതൊടിക ഷീബിര്‍ റുഷ്ദ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
ഗുണ്ടാ സംഘങ്ങൾ തമ്മിലുളള സംഘർഷത്തിൽ പോലീസ് ഇടപെട്ടില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയ ഗുണ്ടാ സംഘം പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. പോലീസുകാർക്കു നേരെ അസഭ്യവര്‍ഷം നടത്തിയതായും പറയുന്നു. അറസ്റ്റിലായ പ്രതി ആഷിഖിനെതിരെ പൂക്കോട്ടുംപാടം സ്റ്റേഷനിൽ ബലാത്സംഗ കേസും, നിലമ്പൂർ - പൂക്കോട്ടുംപാടം സ്റ്റേഷനുകളിൽ കഞ്ചാവ് കേസുകളും അടിപിടി കേസുകളുമുണ്ട്. രണ്ട് വധശ്രമകേസുകൾ ഉൾപ്പടെ ആറ് കേസുകളില്‍ പ്രതിയാണ് ഫാസിൽ.