01 February, 2020 09:04:30 AM
പച്ചക്കറികൾക്കൊപ്പം കഞ്ചാവ് കൃഷിയും: എഞ്ചിനിയറിംഗ് ബിരുദധാരി അറസ്റ്റിൽ
മലപ്പുറം: വീടിന്‍റെ മട്ടുപ്പാവിൽ പച്ചക്കറികൾക്കൊപ്പം കഞ്ചാവും കൃഷി ചെയ്തു വരികയായിരുന്ന എഞ്ചിനിയറിങ് ബിരുദധാരി അറസ്റ്റിൽ. മലപ്പുറം ഉപ്പടം ഗ്രാമത്തിലെ അരുണാണ് അറസ്റ്റിലായത്. അരുണിന് കഞ്ചാവ് കൃഷിയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം രാവിലെ പതിനൊന്നരയോടെ പൊലീസ് വീട്ടിൽ എത്തുകയായിരുന്നു. എന്നാൽ, പൊലീസ് സംഘം ടെറസിലേക്ക് പോകുന്നതു കണ്ട് ഓടിച്ചെന്ന് കഞ്ചാവ് ചെടികൾ നശിപ്പിക്കാൻ അരുൺ ശ്രമിച്ചെങ്കിലും പൊലീസ് പിടിച്ചു മാറ്റുകയായിയിരുന്നു.
ആകെ 57 കഞ്ചാവ് ചെടികളായിരുന്നു മട്ടുപ്പാവിൽ കൃഷി ചെയ്തത്. ഇതിൽ 55 എണ്ണം പ്ലാസ്റ്റിക് പാത്രത്തിലും രണ്ടെണ്ണം പച്ചക്കറികൾക്ക് ഇടയിലുമായിരുന്നു. കഞ്ചാവ് ഉപയോഗിച്ചതിന് നേരത്തെ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് അരുണിന് കഞ്ചാവ് വിൽപനയുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. ഈ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് കൃഷിയുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. പോത്തുകല്ല് എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത്. തൃശൂരിൽ ഡയറി ഫാം നടത്തി വരുന്നതിനിടയിൽ ആയിരുന്നു മട്ടുപ്പാവിലെ കഞ്ചാവ് കൃഷി.