09 January, 2020 11:35:51 AM


കോട്ടക്കലിൽ കാർ ബസുകളുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു



മലപ്പുറം: കോട്ടക്കലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. പുതിയവീട്ടിൽ ഇബ്രാഹിമിന്‍റെ മകൻ ഇർഷാദ് (20) സലീമിന്‍റെ മകൻ ഹക്കീം (20) എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടരയോടെ ഇർഷാദും ഹക്കീമും സഞ്ചരിച്ചിരുന്ന കാർ ബസുകൾക്കിടയിൽപ്പെട്ടാണ് അപകടമുണ്ടായത്. ദീർഘദൂര സർവീസ് നടത്തുന്ന ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ടൂറിസ്റ്റ് ബസ് കാറിൽ ഇടിക്കുകയായിരുന്നു.


ഇരു ബസുകളുടെ ഇടയിൽ കുടുങ്ങിയ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഇർഷാദിനെയും ഹക്കിമിനെയും പുറത്തെടുത്തത്. അപകടത്തിൽ ഒരാൾ തൽക്ഷണം മരിച്ചു. മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇപ്പോൾ അൽമാസ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. കോട്ടക്കൽ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K