20 December, 2019 01:12:06 PM
സ്കൂൾ ബസിൽനിന്ന് ഇറങ്ങിയ 51 വിദ്യാര്‍ത്ഥികള്‍ക്ക് കടന്നൽ കുത്തേറ്റു
മലപ്പുറം: സ്കൂൾ ബസിൽനിന്ന് ഇറങ്ങി കുട്ടികള്‍ക്ക് നേരെ കടന്നൽ ആക്രമണം. 51 കുട്ടികൾക്ക് കുത്തേറ്റു. കൊളത്തൂർ പാങ്ങ് വെസ്റ്റ് എഎൽപി സ്കൂളിലെ വിദ്യാർഥികൾക്കാണ് രാവിലെ ഒൻപതേകാലോടെ കടന്നൽ കുത്തേറ്റത്. സാരമായി പരുക്കേറ്റ 11 പേരെ മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ ബസിൽ നിന്നിറങ്ങി ക്ലാസുകളിലേക്ക് തിരിച്ച കുട്ടികളെയാണ് സ്കൂളിനു പുറത്തുനിന്ന് ഇരച്ചെത്തിയ കടന്നൽക്കൂട്ടം ആക്രമിച്ചത്. കുട്ടികളുടെ തലയിലും ദേഹത്തു പല ഭാഗത്തും കുത്തേറ്റിട്ടുണ്ട്.
സമീപത്തെ വീട്ടിലെ തെങ്ങു മുറിക്കുന്നതിനിടെ കടന്നൽക്കൂടിളകിയതാണ് പ്രശ്നമായത്. കുത്തേറ്റ കുട്ടികളെ നാട്ടുകാരുടെ സഹായത്തോടെ അധ്യാപകർ ഉടനെ ചെണ്ടിയിൽ പിഎച്ച്സിയിൽ എത്തിച്ചു. ഒന്നിലേറെ കുത്തേറ്റ 11 കുട്ടികളെയാണ് താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത്. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് കടന്നൽ ആക്രമണത്തിനിരയായത്. ചില കുട്ടികൾ ഛർദിച്ചു. പ്രീപ്രൈമറിയടക്കം 260 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലേക്ക് സ്കൂൾ ബസിലെ ആദ്യ ട്രിപ്പിൽ എത്തിയ കുട്ടികളാണ് കടന്നല്‍ ആക്രമണത്തിനിരയായത്. കടന്നൽ സാന്നിധ്യമുള്ളതിനാൽ മറ്റ് ബസുകൾ സ്കൂൾ പരിസരത്തേക്ക് എത്തുന്നത് കുറെ നേരത്തേക്ക് തടഞ്ഞു.