12 December, 2019 01:19:18 PM


തെലങ്കാന ഏറ്റുമുട്ടല്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം: സുപ്രീം കോടതി മൂന്നംഗ സമിതി രൂപീകരിച്ചു



ദില്ലി: തെലങ്കാനയില്‍ വനിതാ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തശേഷം കത്തിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീം കോടതി അന്വേഷണ സമിതിയെ നിയോഗിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി വി.എസ് സിര്‍പുര്‍കര്‍ അധ്യക്ഷനായ സമിതി ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഹൈദരാബാദിലായിരിക്കും കമ്മീഷന്റെ സിറ്റിംഗ്. സിറ്റിംഗ് കാലയളവില്‍ സി.ആര്‍.പി.എഫിനായിരിക്കും കമ്മീഷന്റെ സുരക്ഷാചുമതല.


നാഗ്പൂര്‍ സ്വദേശിയാണ് ജസ്റ്റീസ് വി.എസ് സിര്‍പുര്‍കര്‍. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി രേഖ പ്രകാശ് സുന്ദര്‍ ബല്‍ദോത്ത, സി.ബി.ഐ മുന്‍ ഡയറക്ടറും ദേശീയമനുഷ്യാവകാശ കമ്മീഷന്‍ ഡയറക്ടര്‍ ജനറലും തമിഴ്‌നാട് സ്വദേശിയു കര്‍ണാടക കേഡര്‍ ഐ.പി.എസ് ഓഫീസറും രാജീവ്ഗാന്ധി വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ ഡി.ആര്‍ കാത്തിയേകന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ഏറ്റുമുട്ടില്‍ കൊലയില്‍ സത്യം പുറത്തുവരാന്‍ സ്വതന്ത്രമായ അന്വേഷണം അനിവാര്യമാണെന്ന് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ദെയും ജസ്റ്റീസ് എസ്. അബ്ദുള്‍ നസീറും ജസ്റ്റീസ് സഞ്ജീവ് ഖന്നയും ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.


മുന്‍കാലങ്ങളിലും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ വിരമിച്ച ജഡ്ജിമാരെ കോടതി നിയോഗിച്ചിട്ടുണ്ടെന്നും എന്നാല്‍ ജഡ്ജിമാര്‍ക്ക് അന്വേഷണം നടത്താന്‍ കഴിയില്ലെന്നും തെലങ്കാന പോലീസിനു വേണ്ടി ഹാജരായ അഡ്വ. മുകുള്‍ റോത്തഗി വാദിച്ചു. ഇത് കോടതി ചെവിക്കൊണ്ടില്ല. അഭിഭാഷകരായ ജി.എസ് മണി, പ്രദീപ് കുമാര്‍ യാദവ് എന്നിവരാണ് നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് സര്‍ക്കാരും പോലീസും ചേര്‍ന്ന് നടത്തിയ വ്യാജ ഏറ്റുമുട്ടലാണിതെന്നാണ് ഹര്‍ജിക്കാരുടെ വാദം.


ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല. സര്‍ക്കാര്‍ നടപടിക്ക് മുതിര്‍ന്നില്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടി വരും. ക്രിമിനല്‍ കോടതിയില്‍ അവര്‍ പ്രോസിക്യൂഷന് വിധേയമാകുകയാണെങ്കില്‍ തങ്ങള്‍ ഇടപെടില്ല. എന്നാല്‍ അവര്‍ നിരപരാധികളാണെന്ന് സര്‍ക്കാര്‍ പറയുകയാണെങ്കില്‍, ജനങ്ങള്‍ക്ക് സത്യം അറിയണം. വസ്തുതകള്‍ ഊഹിച്ചെടുക്കാന്‍ കഴിയില്ല. അതില്‍ അന്വേഷണം നടക്കട്ടെ. എന്തിനാണ് സര്‍ക്കാര്‍ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും കോടതി ചോദിച്ചു.


നിങ്ങള്‍ കുറ്റക്കാരാണെന്ന് കോടതി പറയുന്നില്ല. അന്വേഷണത്തിന് ഉത്തരവിടുകയാണ്. സര്‍ക്കാര്‍ അതിനോട് സഹകരിക്കണം. ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഹൈക്കോടതിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും അന്വേഷണം നടത്തുണ്ടെന്ന് മുകുള്‍ റോത്തഗി അറിയിച്ചു. എന്നാല്‍ കോടതിയില്‍ നിന്ന് മറിച്ചൊരു ഉത്തരവ് വരുന്നത് വരെ മറ്റൊരു കോടതിയും അതോറിറ്റിയും കേസ് അന്വേഷിക്കേണ്ടതില്ലെന്നും മുന്‍ ജഡ്ജി വി.എസ് സിര്‍പുക്കര്‍ അധ്യക്ഷനായ കമ്മീഷന്‍ അന്വേഷിക്കട്ടെയെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. പോലീസിനെതിരെ സാക്ഷി പറയാന്‍ ജനം തയ്യാറാകില്ലെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.


പ്രതികളെ എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്ന ചോദ്യത്തിന് സിസിടിവിയില്‍ നിന്നാണെന്നും അവരില്‍ ഒരാള്‍ ബൈക്ക് ഓടിച്ചിരുന്നതായും മറ്റൊരാള്‍ പെട്രോള്‍ വാങ്ങിയതും കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ക്ക് എങ്ങനെ തോക്കു കിട്ടിയെന്ന ചോദ്യത്തിന് അത് പോലീസിന്റെ പക്കല്‍ നിന്നും തട്ടിപ്പറിച്ചതാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നോ എന്ന ചോദ്യത്തിന് കല്ലേറുകൊണ്ട് പരിക്കേറ്റിരുന്നുവെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. കയ്യില്‍ തോക്കുണ്ടായിട്ടും എന്തുകൊണ്ട് പ്രതികള്‍ കല്ലെറിഞ്ഞുവെന്നും കോടതി ആരാഞ്ഞു.


പോലീസുകാരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും വെടിയുണ്ടകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും കമ്മീഷനു മുമ്പാകെ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നവംബര്‍ 29ന് രാത്രിയാണ് 26കാരിയായ വെറ്ററിനറി സര്‍ജന്‍ കൊല്ലപ്പെട്ടത്. കേസില്‍ വൈകാതെ തന്നെ പ്രതികളെ പോലീസ അറസ്റ്റു ചെയ്തിരുന്നു. ഡിസംബര്‍ ആറിന് പുലര്‍ച്ചെ തെളിവെടുപ്പിനായി ഡോക്ടര്‍ കൊല്ലപ്പെട്ട സ്ഥലത്ത് എത്തിപ്പോഴാണ് ഏറ്റുമുട്ടല്‍ ഉണ്ടായതും പ്രതികള്‍ കൊല്ലപ്പെട്ടതും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K