03 November, 2025 10:09:16 AM
പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം: പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം: പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. റെയില്‍വേ പൊലീസാണ് പ്രതി സുരേഷ് കുമാറിനെതിരെ കേസെടുത്തത്. റെയില്‍വേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തും. ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പെണ്‍കുട്ടിയെ ദേഷ്യത്തില്‍ ചവിട്ടിയതാണെന്നാണ് പ്രതിയുടെ മൊഴി. വാതിലിനടുത്ത് നിന്ന് മാറാത്തതാണ് പ്രകോപന കാരണമെന്നും മാറാന്‍ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി മാറിയില്ലെന്നും പ്രതി മൊഴി നല്‍കി. മദ്യലഹരിയിലാണ് ചവിട്ടിയതെന്നും പെണ്‍കുട്ടികളെ മുന്‍പരിചയമില്ലെന്നും സുരേഷ് കുമാര്‍ പൊലീസിനോട് പറഞ്ഞു.
പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുകയാണ് പൊലീസ്. തിരിച്ചറിയല്‍ പരേഡും വൈദ്യപരിശോധനയും ഉടന്‍ നടക്കും. പ്രതിയുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം പിടികൂടിയ ശേഷവും ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതായി പൊലീസ് അറിയിച്ചു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പെൺകുട്ടിയെ വെൻ്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്. വെൻ്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്. അടിയന്തിര ശസ്ത്രക്രിയ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായും ആർപിഎഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പെൺകുട്ടിയുടെ തലയ്ക്കും വയറിനുമാണ് പരിക്കേറ്റിരിക്കുന്നത് ടോയ്‌ലറ്റിൽ പോയി വരുമ്പോഴാണ് ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ യുവതിയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും ചവിട്ടി തള്ളിയിട്ടത്. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന സഹയാത്രികയെയും പ്രതി അക്രമിക്കാൻ ശ്രമിച്ചിരുന്നു.
കേരള എക്സ്പ്രസിൽ ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ വർക്കലയെത്തിയപ്പോഴാണ് ഇയാൾ തള്ളിയിട്ടത്. ജനറൽ കമ്പാർട്ട്മെന്റിലാണ് ഇരുവരും യാത്രചെയ്തത്. പെൺകുട്ടിയുടെ നിലവിളി കേട്ട മറ്റ് യാത്രികരാണ് ചെയിൻ വലിച്ച് ട്രെയിൻ നിർത്തിയത്.





