08 October, 2025 09:43:55 AM


കോട്ടയത്ത് യുവാവിനെ സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് മാരകമായി ആക്രമിച്ച കേസിലെ പ്രതികൾ പിടിയില്‍



കോട്ടയം: യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.  മണർകാട് സ്വദേശിയായ യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയായ അയ്മനം  വില്ലേജിൽ അയ്മനം കരയിൽ മാങ്കീഴിപ്പടി വീട്ടിൽ വിനീത് സഞ്ജയനെ(37) യും മൂന്നാം പ്രതിയായ ആർപ്പുക്കര വില്ലേജിൽ ആർപ്പുക്കര പടിഞ്ഞാറ് കരയിൽ പൊങ്ങംകുഴിയിൽ വീട്ടിൽ അമലിനെ(25 )യും കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ ഐപി എസ്എച്ച്ഒ പ്രശാന്ത് കുമാർ കെ ആര്‍. ന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.


ഈ മാസം ഒന്നാം തീയതി രാത്രി 08.00 മണിക്ക്   ഒന്നാം പ്രതിയുടെ വീടിന്റെ മുന്‍വശം റോഡില്‍ വച്ച്   മണർകാട് സ്വദേശിയായ യുവാവിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയശേഷം  പ്രതികൾ  സര്‍ജിക്കല്‍ ബ്ലയിഡ് കൊണ്ട്  ഇടതു കൈയുടെ മസില്‍ ഭാഗം മുതല്‍ കൈമുട്ടിനു താഴെ വരെ ആഴത്തില്‍ വരഞ്ഞ് മുറിവ് ഉണ്ടാക്കിയും  സ്റ്റീല്‍ പൈപ്പ് കൊണ്ട് തലയ്ക്കു അടിച്ച്  ഇടതു ചെവിക്കു മുറിവേല്‍പ്പി ക്കുകയും ചെയ്യുകയായിരുന്നു. ഇതിലെ ഒന്നാം പ്രതിയായ വിനീത് സഞ്ജയൻ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ  ഗാന്ധിനഗർ,  പാല,  കോട്ടയം ഈസ്റ്റ്,ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, വൈക്കം,  തിരുവല്ല, തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയായിട്ടുള്ള ആളാണ്. അറസ്റ്റ് ചെയ്ത പ്രതികളെ മേൽ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K