23 October, 2025 08:57:54 AM
ബെംഗളൂരുവിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു റൂറലിലെ ഗംഗോണ്ടനഹള്ളിയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്യുകയും വീട് കൊള്ളയടിക്കുകയും ചെയ്ത സംഘത്തിലെ മൂന്ന് പേർ പിടിയിൽ. പ്രതികൾ ലൈംഗികാതിക്രമം നടത്തുക മാത്രമല്ല, വീട്ടിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും 25,000 രൂപയും എടുത്തു കൊണ്ടുപോയെന്നും ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് സി.കെ. ബാബ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 9.15ന് ശേഷമായിരുന്നു ഞെട്ടിക്കുന്ന സംഭവം. വാതിൽ തുറക്കാൻ വീട്ടുകാരോട് ആവശ്യപ്പെട്ട ശേഷം അഞ്ച് പേർ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ഇതേസമയം, വീട്ടിൽ ആറ് പേരുണ്ടായിരുന്നു. പുലർച്ചെ 12.30ന് അതിജീവിതയുടെ മൂത്ത മകനാണ് സംഭവം ഫോണിലൂടെ പോലീസിനെ അറിയിച്ചത്. തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
സംഭവത്തിൽ കൂട്ടബലാത്സംഗത്തിനും കവർച്ചയ്ക്കും പൊലീസ് കേസെടുത്തിട്ടുണ്ട്. ക്രൂരമായ പീഡനത്തിനിരയായ ബംഗാൾ സ്വദേശിയായ സ്ത്രീക്ക് പുറമെ മറ്റു രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും രണ്ട് കുട്ടികളും ഈ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളും അതേ പ്രദേശവാസികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. "അതിജീവിത അപകടനില തരണം ചെയ്തു. പ്രതികളും അതിജീവിതയും പരസ്പരം പരിചയമുള്ളവരാണോ എന്ന് ഞങ്ങൾ പരിശോധിച്ചുവരികയാണ്," ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് അറിയിച്ചു.
അഞ്ച് പ്രതികളിൽ മൂന്ന് പേർ കാർത്തിക്, ഗ്ലെൻ, സുവോയ്‌ഗ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഇപ്പോൾ അറസ്റ്റിലാണ്. മറ്റു രണ്ടുപേർ ഒളിവിലാണെന്നും അവരെ പിടികൂടാൻ വ്യാപകമായ തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, ബെംഗളൂരു നഗരത്തെ നടുക്കിയ സംഭവം അന്വേഷിക്കാൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിൻ്റെ മേൽനോട്ടത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.