03 October, 2025 12:51:29 PM


ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഹസന്‍കുട്ടിക്ക് 67 വര്‍ഷം തടവ്



തിരുവനന്തപുരം: ചാക്കയില്‍ രണ്ടു വയസ്സുള്ള നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 67 വർഷം തടവുശിക്ഷ. തിരുവനന്തപുരം വർ‌ക്കല ഇടവ സ്വദേശി ഹസന്‍കുട്ടിക്കാണ് ശിക്ഷ വിധിച്ചത്. 1. 20 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചത്.

2024 ഫെബ്രുവരി19 ന് പുലര്‍ച്ചെയാണ് ചാക്ക റെയില്‍വേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെ ഹസന്‍കുട്ടി തട്ടികൊണ്ടുപോയത്. പീഡിപ്പിച്ച ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില്‍ ഉപേക്ഷിച്ചു. പിന്നാലെ രാത്രിയില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തി. 

കുട്ടിയെ ഉപേക്ഷിച്ച ശേഷം ഹസന്‍കുട്ടി ആദ്യം ആലുവയിലും പിന്നാലെ പളനിയിലും പോയി രൂപ മാറ്റം വരുത്തി. പിന്നീട് കൊല്ലത്തു നിന്നുമാണ് പ്രതി പിടിയിലായത്. കുട്ടിയുടെ വൈദ്യപരിശോധനാഫലം പീഡനം സ്ഥിരീകരിച്ചതും പ്രതിയുടെ വസ്ത്രത്തില്‍നിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താനായതും പ്രോസിക്യൂഷന്‍ വിചാരണ ഘട്ടത്തില്‍ പിടിവള്ളിയാക്കിയിരുന്നു.

ഹസന്‍കുട്ടിക്കെതിരെ പോക്സോ ഉള്‍പ്പെടെ മറ്റ് നിരവധി കേസുകളുണ്ടെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി മുഖവിലയ്‌ക്കെടുത്തു. പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച സംഭവമെന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K