28 September, 2025 07:42:58 PM
മകളുടെ ആണ്‍സുഹൃത്തിനെ ലോറി ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഗൃഹനാഥന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മകളുടെ ആണ്‍സുഹൃത്തിനെ ലോറി ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗൃഹനാഥന്‍ അറസ്റ്റില്‍. വെമ്പായം സിയോണ്‍കുന്ന് പനച്ചവിള വീട്ടില്‍ ജോണാണ്(48) അറസ്റ്റിലായത്. വേറ്റിനാട് സ്വദേശി അഖില്‍ ജിത്തിനെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശനിയഴ്ച്ച ഉച്ചയോടെ വെമ്പായത്തിന് സമീപമായിരുന്നു സംഭവം.
കടയില്‍ നിന്ന് സാധനം വാങ്ങി തിരികെ കാറില്‍ കയറുന്നതിനിടെയാണ് അഖിലിനെ ജോണ്‍ ലോറി ഇടിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ അഖിലിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കേസെടുത്ത വെഞ്ഞാറമൂട് പൊലീസ് ജോണിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാളുടെ ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.