30 October, 2025 11:45:20 AM
കാഞ്ചീപുരത്ത് വാഹനം തടഞ്ഞ് 4.5 കോടി കവര്‍ച്ച നടത്തിയ അഞ്ച് മലയാളികള്‍ അറസ്റ്റില്‍

ചെന്നൈ: കാഞ്ചീപുരത്ത് ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി 4.5 കോടിരൂപ കവര്‍ന്ന കേസില്‍ അഞ്ച് മലയാളികള്‍ പിടിയില്‍. പാലക്കാട് പെരിങ്ങോട് സ്വദേശി പി വി കുഞ്ഞുമുഹമ്മദ് (31), മുണ്ടൂര്‍ സ്വദേശി സന്തോഷ് (42), തൃശ്ശൂര്‍ കോടാലി സ്വദേശി ജയന്‍ (46), കൊല്ലം സ്വദേശികളായ റിഷാദ് (27), സുജിലാല്‍ (36) എന്നിവരാണ് പിടിയിലായത്. കേരളത്തിലെ വിവിധ ഇടങ്ങളില്‍ നിന്നായി ശനിയാഴ്ചയാണ് തമിഴ്നാട് പൊലീസ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞദിവസം കാഞ്ചീപുരത്തെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവരുടെ കൂട്ടാളികളായ 12 പേര്‍ക്കായി തമിഴ്നാട് പൊലീസ് കേരളത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഓഗസ്റ്റ് 20-നായിരുന്നു ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കോടികള്‍ കവര്‍ന്നത്. മഹാരാഷ്ട്രയിലെ പാഴ്സല്‍ സര്‍വീസ് സ്ഥാപനത്തിന്റെ കാറില്‍ കൊണ്ടുപോവുകയായിരുന്ന പണം കാഞ്ചീപുരം ജില്ലയിലെ ആറ്റുപത്തൂരില്‍വെച്ചായിരുന്നു സംഘം തട്ടിയെടുത്തത്.
ബംഗളൂരുവില്‍ നിന്ന് ചെന്നൈയ്ക്കടുത്ത് സൗക്കാര്‍പ്പേട്ടിലേക്കായിരുന്നു കമ്പനിയുടെ ഡ്രൈവര്‍മാരായ പിയൂഷ്‌കുമാര്‍, ദേവേന്ദ്ര എന്നിവര്‍ പണവുമായി പോയിരുന്നത്. മൂന്നു കാറിലായെത്തിയ കവര്‍ച്ചാ സംഘം ആറ്റുപത്തൂരില്‍ വച്ച് പണം കവര്‍ച്ച നടത്തുകയായിരുന്നു. പാര്‍സല്‍ കമ്പനി ഉടമയായ മഹാരാഷ്ട്ര ബോറിവിലി സ്വദേശി ജതിന്റെ പരാതിയനുസരിച്ച് കേസെടുത്ത പൊലീസ് മൊബൈല്‍ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേത്ത് എത്തിച്ചത്. കേരളത്തില്‍നിന്നുള്ള 17 അംഗസംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. 
അറസ്റ്റിലായ അഞ്ചുപേരില്‍നിന്ന് കവര്‍ച്ച ചെയ്ത പണത്തിന്റെ പകുതിയോളം കണ്ടെത്തിയിട്ടുണ്ട്. കൂട്ടുപ്രതികളെയും ബാക്കി പണവും കണ്ടെത്തുന്നതിന് തമിഴ്നാട് പോലീസ് സംഘം കേരളത്തില്‍ അന്വേഷണം തുടരുകയാണ്. പി വി കുഞ്ഞുമുഹമ്മദ് എന്നയാളെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ പാലക്കാട് ചാലിശ്ശേരി പൊലീസ് നടത്തിയ അന്വേഷണമാണ് ഇയാളും കൂട്ടാളികളും കസ്റ്റഡിയിലുണ്ടെന്ന വിവരം തമിഴ്നാട് പോലീസില്‍നിന്ന് ലഭിക്കുന്നത്. കവര്‍ച്ച സംഘത്തിലെ അംഗമാണ് പി വി കുഞ്ഞുമുഹമ്മദ്.
 
                                
 
                                        



