29 September, 2025 12:13:54 PM


ഹോംവർക്ക് ചെയ്തില്ല; രണ്ടാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, പ്രിന്‍സിപ്പലിനും ഡ്രൈവര്‍ക്കുമെതിരെ കേസ്



ന്യൂഡൽഹി: ഹരിയാനയിലെ പാനിപ്പത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയോട് പ്രിൻസിപ്പലിന്റെയും സ്കൂൾ ഡ്രൈവറിന്റെയും ക്രൂരപീഡനം. കുട്ടിയെ ജനാലയിൽ തലകീഴായി കെട്ടിത്തൂക്കിയ ശേഷം അജയ് എന്നയാൾ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഹോംവർക്ക് ചെയ്യാത്തതിനാലാണ് കുട്ടിയോടുള്ള ക്രൂരത. മുഖിജ കോളനി നിവാസിയായ കുട്ടിയുടെ അമ്മ ഡോളിയാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്.

തന്റെ ഏഴു വയസ്സുള്ള മകനെ അടുത്തിടെയാണ് പാനിപ്പത്തിലെ സ്വകാര്യ സ്കൂളിൽ ചേർത്തത് അവർ പറയുന്നു. കുട്ടിയെ ശിക്ഷിക്കാൻ പ്രിൻസിപ്പൽ റീന ഡ്രൈവർ അജയിയെ വിളിച്ചുവരുത്തിയെന്നും തുടർന്ന് അയാൾ ആക്രമണം നടത്തിയെന്നും അവർ ആരോപിച്ചു. അജയ് കുട്ടിയെ അടിക്കുകയും, സുഹൃത്തുക്കളുമായി വീഡിയോ കോളുകൾ ചെയ്ത് ഇതു കാണിക്കുകയും ചെയ്തു. പിന്നീട് ഇയാൾ തന്നെ കുട്ടിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഒടുവിൽ ഈ ക്ലിപ്പ് കുട്ടിയുടെ കുടുംബക്കാർ കണ്ടതോടെയാണ് പീഡന വിവരം പുറത്തുവന്നത്.

മറ്റൊരു വീഡിയോയിൽ, പ്രിൻസിപ്പൽ റീന മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് കുട്ടികളെ അടിക്കുന്നത് കാണാം. കുട്ടികൾ മറ്റ് രണ്ട് കുട്ടികളോട് മോശമായി പെരുമാറിയെന്നും അവരെ ശിക്ഷിക്കുന്നതിനുമുമ്പ് മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നുമായിരുന്നു ഇക്കാര്യത്തിൽ അധ്യാപിക നൽകിയ ന്യായീകരണം. ശിക്ഷയായി ഇവർ കുട്ടികളെ ചിലപ്പോൾ ശുചിമുറി വൃത്തിയാക്കാൻ നിർബന്ധിക്കാറുണ്ടെന്നും മാതാപിതാക്കൾ ആരോപിച്ചു. പരാതിയെ തുടർന്ന്, മോഡൽ ടൗൺ സ്റ്റേഷൻ പൊലീസ് 2015 ലെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K