13 October, 2025 09:21:07 AM
ആഡംബര കാർ ആവശ്യപ്പെട്ട മകന്‍റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ചു; അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. ആഡംബര കാറ് വേണം എന്ന് വാശി പിടിച്ച് വീട്ടില്‍ തര്‍ക്കമുണ്ടാക്കുകയും മാതാപിതാക്കളെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പിതാവ് മകന്റെ തലയ്ക്ക് കമ്പിപ്പാര ഉപയോഗിച്ച് അടിക്കുകയായിരുന്നു. പരിക്കേറ്റ ഹൃത്വികി(22)നെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃത്വികിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് സൂചനകള്‍.
വിജയാനന്ദന്റെ ഏകമകനാണ് ഹൃത്വിക്. ഒരു വര്‍ഷം മുന്‍പ് ഇയാള്‍ മകന് 17 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി കൊടുത്തിരുന്നു. ഈ ബൈക്ക് ഉപയോഗിക്കുന്നതിനിടെയാണ് പുതിയ ആഡംബര കാര്‍ വേണം എന്ന ആവശ്യവുമായി ഹൃത്വിക് പിതാവിനെ ശല്യപ്പെടുത്താന്‍ തുടങ്ങിയത്. ഇപ്പോള്‍ കാര്‍ വാങ്ങാനുള്ള സാമ്പത്തിക അവസ്ഥയിലല്ല കുടുംബമെന്ന് വിജയാനന്ദന്‍ മകനെ അറിയിച്ചെങ്കിലും ഇത് ചെവിക്കൊള്ളാന്‍ ഹൃത്വിക് തയ്യാറായില്ല. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹൃത്വിക് പിതാവിനെ ആക്രമിക്കാന്‍ തുനിഞ്ഞു. ഇതിനെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിജയാനന്ദന്‍ ഹൃത്വികിനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.