24 September, 2025 10:09:51 AM


വിഴിഞ്ഞത്ത് വന്‍കവര്‍ച്ച; വീട് കുത്തിത്തുറന്ന് 90 പവന്‍ കവര്‍ന്നു



തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വന്‍മോഷണം. വെണ്ണിയൂര്‍ സ്വദേശി ശില്‍ബര്‍ട്ടിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്തകാലത്ത് സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും വലിയ കവര്‍ച്ചയാണിത്.

ഇന്നലെ രാത്രിയാണ് സംഭവം. ഗില്‍ബര്‍ട്ട് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ മരണം സംഭവിച്ചതിനെ തുടര്‍ന്ന് ഗില്‍ബര്‍ട്ടും കുടുംബവും അവിടേയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്. മരിച്ച വീടായതിനാല്‍ സഹോദരിയുടെ വീട്ടിലേക്ക് ഗില്‍ബര്‍ട്ടും കുടുംബവും കൂട്ടുകിടക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. വീട്ടില്‍ ആളില്ല എന്ന് മനസിലാക്കിയാണ് മോഷണം നടന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വീട് കുത്തിത്തുറന്നാണ് മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും രൂപയുമാണ് കവര്‍ന്നത്. ഇന്ന് രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടന്‍ തന്നെ കുടുംബം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K