30 September, 2025 10:11:00 AM


കൊല്ലത്ത് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി ചാടിപ്പോയ അച്ഛനും മകനും പിടിയിൽ



കൊല്ലം: കടയ്ക്കലില്‍ നിന്ന് കൈവിലങ്ങുമായി ചാടിപ്പോയ പ്രതികള്‍ വയനാട്ടിലെ മേപ്പാടിയില്‍ പിടിയില്‍. നെടുമങ്ങാട് സ്വദേശി അയ്യൂബ് ഖാന്‍, മകന്‍ സെയ്തലവി എന്നിവരാണ് പിടിയിലായത്. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. 

ഇന്ന് പുലര്‍ച്ചെയായിരുന്നു പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്ക് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നത് വ്യക്തമല്ല. തെളിവെടുപ്പിനിടെയായിരുന്നു കൈവിലങ്ങുമായി പ്രതികള്‍ ചാടിപ്പോയത്. പാലോട് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളാണ് ഇരുവരും.

കൊല്ലം കടയ്ക്കലില്‍ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോള്‍ പ്രതികള്‍ മൂത്രമൊഴിക്കാനുണ്ടെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പൊലീസ് വാഹനം നിര്‍ത്തി ഇരുവരേയും പുറത്തിറക്കി. പിന്നാലെ ഇവര്‍ ഓടിപ്പോകുകയായിരുന്നു. ഉടന്‍ തന്നെ ഡ്രോണ്‍ ഉപയോഗിച്ചും മറ്റും പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K