07 December, 2019 02:56:30 PM
പുതുവത്സരാഘോഷം: എക്‌സൈസ് വകുപ്പ് പണി തുടങ്ങി; ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന
മലപ്പുറം: ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിലെക്കുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പ്പന തടയുന്നതിനായി എക്‌സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ റെയിഡുകള്‍ ശക്തമാക്കി. മലപ്പുറം എക്‌സൈസ് ഡിവിഷനില്‍ നടത്തിയ 728 റെയിഡുകളില്‍ നിന്നായി 30 കി.ഗ്രാം കഞ്ചാവും 7.8 ഗ്രാം ബ്രൗണ്‍ ഷുഗറും രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. 41 എന്‍.ഡി.പി.എസ് കേസുകളില്‍ 42 പേരെയും 68 അബ്കാരി കേസുകളിലായി 62 പേരെയും അറസ്റ്റ് ചെയ്തു. 225 ലിറ്റര്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷും 54 ലിറ്റര്‍ അന്യസംസ്ഥാന മദ്യവും 222 ലിറ്റര്‍ ഐ.എം.എഫ്.എല്‍, അഞ്ച് ലിറ്റര്‍ വ്യാജമദ്യവും പിടികൂടി. 178 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങളും, സ്‌കൂള്‍ പരിസരത്തും പൊതു സ്ഥലത്തും പുകവലിച്ചതിന് എതിരായി 291 കോട്പ കേസുകളും മറ്റു നിരവധി പുകയില ഉല്‍പ്പന്നങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തു.
കളളുഷാപ്പുകള്‍, വിദേശമദ്യശാലകള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ട്രെയിന്‍, ഇതര സംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, അബ്കാരി/എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളികള്‍ തുടങ്ങിയവര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുളള ഷാഡോ വിഭാഗത്തിന്‍റെ നിരീക്ഷണത്തില്‍ ആയിരിക്കുമെന്നും വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന കര്‍ശനമാക്കിയതായും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി. ബാലകൃഷ്ണന്‍ അറിയിച്ചു.
ലഹരി പദാര്‍ത്ഥങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനായി മലപ്പുറം ആസ്ഥാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.