28 November, 2019 12:26:27 PM
കല്ലട ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കുടുക്കി ബിഗ് ബോസ് താരം യുവതി
കോട്ടയ്ക്കൽ: കല്ലട ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കുടുക്കി ഏഷ്യാനെറ്റ് ചാനലിലെ ബിഗ് ബോസ് താരമായ യുവതി. ഇന്നു പുലർച്ചെയുണ്ടായ സംഭവം ഫെയ്സ് ബുക്ക് ലൈവിലും. കാസർകോട് നടക്കുന്ന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ടാണ് സെലിബ്രിറ്റിയായ താരം തിരുവനന്തപുരത്തു നിന്നും കാസർകോടേക്ക് കല്ലട ബസിൽ യാത്ര തിരിച്ചത്.
ഇന്ന് പുലർച്ചെ മൂന്നോടെയാണ് സമീപസീറ്റിലിരുന്ന കാസർകോട് സ്വദേശി മുനവർ (23) യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവാവിനെ കൈയോടെ പൊക്കിയ താരം ഉടൻ തന്നെ വണ്ടി പൊലീസ് സ്റ്റേഷനിലേക്ക് വിട്ട് ഇയാളെ അറസ്റ്റ് ചെയ്യിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് ബസിൽ ഇരുന്നു തന്നെ താരം ഫെയ്സ് ബുക്ക് ലൈവ് ചെയ്യുകയും ചെയ്തു.
ലൈവിൽ തനിക്കുണ്ടായ ദുരനുഭവം താരം പങ്കുവയ്ക്കുന്നുണ്ട്. താൻ നല്ല ക്ഷീണിതയായിരുന്നുവെന്നും അതിനാൽ വേഗം ഉറങ്ങിയെന്നും താരം പറയുന്നു. ബസിന്‍റെ താഴത്തെ ബർത്തിലായിരുന്നു കിടന്നിരുന്നത്. ഉറക്കത്തിനിടെ തന്‍റെ പിൻഭാഗത്ത് ടീ ഷർട്ടിന്‍റെ ഇടയിലൂടെ എന്തോ തടവുന്നത് കണ്ടാണ് ഉണർന്നത്. തോന്നിയതാണെന്ന് ആദ്യം കരുതിയെങ്കിലും ഉറക്കം നടിച്ച് കിടന്നതോടെ ഇയാൾ കൈകൊണ്ട് തടവുന്നതാണെന്ന് മനസിലാകുകയും കൈയോടെ പിടികൂടുകയുമായിരുന്നു.
തന്‍റെ ടീ ഷർട്ട് അൽപം അയവുള്ളതായിരുന്നുവെന്നും താൻ വന്നപ്പോൾ തന്നെ അയാൾ തന്നെ നോട്ട് ചെയ്തിരുന്നതായും താരം പറയുന്നു. ഇതിനിടെ കൈയോടെ പിടികൂടിയെങ്കിലും ഉറക്കം നടിച്ച് യുവാവ് രക്ഷപെടാൻ ശ്രമം നടത്തി. എന്നാൽ സഹയാത്രികരുടെ സഹായത്തോടെ ഇയാളെ കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.