23 November, 2019 05:45:54 PM
ഓറഞ്ച് കച്ചവടത്തിന്റെ മറവിൽ വിറ്റുവന്നത് കഞ്ചാവും മദ്യവും; മഞ്ചേരിയില്‍ യുവാവ് അറസ്റ്റില്‍
മഞ്ചേരി: പയ്യനാട് നെല്ലിക്കുത്തിൽ ഓറഞ്ച് കച്ചവടത്തിന്റെ മറവിൽ കഞ്ചാവും മദ്യവിൽപ്പനയും നടത്തിയ ആളെ പിടികൂടി. മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ. ജിനീഷും സംഘവും നടത്തിയ മിന്നൽ പരിശോധനയിൽ എട്ടുകിലോ കഞ്ചാവും 108 കുപ്പി മാഹി മദ്യവും (54 ലിറ്റർ) സഹിതം നെല്ലിക്കുത്ത് മില്ലുംപടിയിൽ കോട്ടക്കുത്ത് അബ്ദുൾ സലാമി (48)നെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. പ്രതിയുടെ വീട്ടിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെടുക്കുന്നതിനിടയിലാണ് കട്ടിലിനടിയിൽ ഒളിപ്പിച്ച മദ്യവും എക്സൈസ് സംഘം കണ്ടെത്തിയത്. ഗുഡ്സ് ഓട്ടോറിക്ഷയിൽ ഓറഞ്ച് വിൽപ്പന നടത്തുന്നതിനിടെയാണ് ഉപഭോക്താക്കളെ കണ്ടെത്തി കഞ്ചാവും മദ്യവും ഇയാൾ എത്തിച്ചു നൽകുന്നത്.
കഴിഞ്ഞ ഒരു വർഷത്തോളമായി പന്തലൂർ ഭാഗത്ത് സ്റ്റീൽ കന്പനിയിൽ ജോലി ചെയ്യവെ അബ്്ദുൾ സലാം മാഹിയിൽ നിന്നു മദ്യം കടത്തി കൊണ്ടുവന്നു താമസ സ്ഥലമായ നെല്ലിക്കുത്തിൽ നിന്ന് ദൂരെ മാറി നിലന്പൂർ മേഖലയിൽ ചില്ലറ വിൽപ്പനക്കാർക്കു വിതരണം ചെയ്യുന്നതായി എക്സൈസ് ഇന്റലിജൻസ് വിഭാഗം നേരത്തെ മനസിലാക്കിയിരുന്നു. തുടർന്നു നടത്തിയ നിരീക്ഷണത്തിൽ ഇയാൾ മഞ്ചേരി, കോഴിക്കോട് ഭാഗങ്ങളിൽ ബസ് സ്റ്റാൻഡുകളിൽ അലഞ്ഞു തിരിഞ്ഞു ജീവിതം നയിക്കുന്നവരെ ഉപയോഗപ്പെടുത്തി അവരിലൂടെ ആവശ്യക്കാർക്കു കഞ്ചാവ് പൊതികൾ വില്പന നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഗൾഫിൽ ജോലി ചെയ്യവെ ഉണ്ടായിരുന്ന ബന്ധങ്ങളാണ് മലയോര മേഖലയിൽ മാഹി മദ്യ വില്പന നടത്താൻ ഇയാൾക്കു തുണയായത്.
മദ്യകച്ചവടം കൊഴുത്തത്തോടെ നാട്ടിലുണ്ടായിരുന്ന ഡ്രൈവർ ജോലി ഉപേക്ഷിച്ചു മദ്യക്കടത്തിലും കഞ്ചാവ് വില്പനയിലും അബ്ദുൾസലാം സജീവമായി. ഇവ രണ്ടും വിൽപ്പന നടത്തിയിരുന്നത് ഇയാളുടെ താമസ സ്ഥലത്തു നിന്നു അകലെ ആയിരുന്നതിനാലും ചില്ലറ വിൽപ്പന നടത്താൻ സഹായികളെ ഉപയോഗിച്ചതിനാലും അബ്ദുൾ സലാമിന്റെ ലഹരി വില്പനയെക്കുറിച്ചു ഏറെ കാലത്തെ നിരീക്ഷണത്തിനു ശേഷമാണ് ഇന്റലിജൻസിനു വ്യക്തമായ നിഗമനത്തിലെത്താനായത്. ഇയാൾക്കു കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തെക്കുറിച്ചും സഹായികളെക്കുറിച്ചും വിവരം ലഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർക്കൊപ്പം ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർമാരായ ടി. ഷിജുമോൻ, കെ. സന്തോഷ്കുമാർ, പി.ഇ ഹംസ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. പ്രദീപ്, കെ.പി. സാജിദ്, കെ. അഹമ്മദ് റിഷാദ്, ടി. ശ്രീജിത്ത്, പി. രജിലാൽ, വി. നിഹ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.