15 October, 2019 06:25:35 AM
ഒന്നേമുക്കാല്‍ കോടിയുടെ നിരോധിത നോട്ടുകളുമായി ആറംഗ സംഘം മലപ്പുറത്ത് പിടിയില്‍
മലപ്പുറം: ഒന്നേമുക്കാല്‍ കോടി രൂപയുടെ 500, 1000 നിരോധിത നോട്ടുകളുമായി ആറംഗ സംഘത്തെ കൊളത്തൂര്‍ പോലീസ് അറസ്‌റ്റു ചെയ്‌തു. വടകര വില്യാപ്പള്ളി കുനിയില്‍ അഷ്‌റഫ്(45), വില്യാപ്പള്ളി കിഴക്കേ പനയുള്ളതില്‍ സുബൈര്‍(52), വളാഞ്ചേരി പുറമണ്ണൂര്‍ ഇരുമ്പാലയില്‍ സിയാദ്(37), കൊളത്തൂര്‍ പള്ളിയാല്‍ കുളമ്പ് പൂവളപ്പില്‍ മുഹമ്മദ് ഇര്‍ഷാദ്(28), കൊളത്തൂര്‍ മൂച്ചിക്കൂടത്തില്‍ സാലി ഫാമിസ്(21), ചെര്‍പ്പുളശേരി ഇടയാറ്റില്‍ മുഹമ്മദ് അഷ്‌റഫ് (39) എന്നിവരാണ് അറസ്‌റ്റിലായത്.
1,75,85,500 രൂപയാണ് പിടിച്ചെടുത്തത്. കുറുപ്പത്താലിലെ ഫര്‍ണിച്ചര്‍ ഷോപ്പില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ഇവരെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി. പെരിന്തല്‍മണ്ണ എ.എസ്.പി രീഷ്‌മ രമേശിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുള്ള നിരീക്ഷണത്തിനൊടുവിൽ കൊളത്തൂര്‍ സിഐ ആര്‍. മധുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്.
കോഴിക്കോട് ജില്ലയില്‍ നിന്നാണ് ഇവിടേയ്‌ക്ക് നിരോധിത കറന്‍സി എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ വില്‍പന നടത്തുന്നതിനിടെയാണ് അറസ്‌റ്റുണ്ടായത്. കെഎല്‍ 18 കെ 1233 നമ്പര്‍ വെള്ള മാരുതി റിറ്റ്‌സ് കാറിലാണ് പണം ഇവിടെയെത്തിച്ചത്. ഇതു സംബന്ധിച്ച കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.