14 October, 2019 11:02:29 AM
വളാഞ്ചേരി വട്ടപ്പാറയില്‍ വീണ്ടും ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്
വളാഞ്ചേരി: അപകട മേഖലയായ വട്ടപ്പാറ വളവിൽ വീണ്ടും അപകടം. പാചകവാതക ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശി മാരിയപ്പൻ (40)നാണ് പരിക്കേറ്റത്. ഇയാളെ നടക്കാവിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലാപുരത്ത് നിന്ന് കൊല്ലം പാരിപ്പള്ളിയിലേക്ക് പോകുന്ന ടാങ്കറാണ് തിങ്കളാഴ്ച പുലർച്ചെ നാലര മണിയോടെ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഗ്യാസ് ലിക്ക് ഇല്ല എന്നാണ് പ്രാഥമിക നിഗമനം.
വളാഞ്ചേരി പോലീസും ഹൈവേ പോലീസും തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ട്രോമ കെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഐഒസിയിൽ നിന്നും വിദഗ്ധർ എത്തിയതിന് ശേഷം ടാങ്കര്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതം മുടങ്ങി. ഒരു മാസത്തിനകം നാല് ടാങ്കര്‍ അപകടങ്ങള്‍ ആണ് വട്ടപ്പാറയില്‍ നടന്നത്. വട്ടപ്പാറയില്‍ അപകടം പതിവായത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.