13 September, 2019 10:27:45 AM


ദിണ്ഡിഗലില്‍ കാറുകള്‍ കൂട്ടിയിടിച്ച് കുറ്റിപ്പുറം സ്വദേശികള്‍ ഉള്‍പ്പെടെ അ‍ഞ്ച് മരണം



കുറ്റിപ്പുറം: മധുര ദിണ്ഡിഗല്‍ വാടിപ്പെട്ടി ദേശീയപാതയില്‍ കാറപകടത്തില്‍ കുറ്റിപ്പുറം സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു.  പേരശനൂരില്‍ നിന്നും ഏര്‍വാടി സിയാറത്തിന് പോയ കുടുംബത്തിലെ ഒരു സ്ത്രീയും രണ്ട് മക്കളും കാര്‍ ഡ്രൈവറുമാണ് മരിച്ച മലയാളികള്‍. അപകടത്തില്‍ ദിണ്ടിഗല്‍ സ്വദേശിയായ ബൈക്ക് യാത്രികനും മരിച്ചു. 


കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവർ വളാഞ്ചേരി മൂടാൻ സ്വദേശി കിലാർ, ബൈക്ക് യാത്രികൻ ദിണ്ടിഗൽ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. അപകടത്തിൽ ആറു പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


ഏർവാടിയിലേക്ക് തീർത്ഥയാത്ര പോയ റസീനയും കുടുംബം സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറ‍‍‍‍‍ഞ്ഞു. തൊട്ടുപിന്നാലെ വന്ന ബൈക്ക് മലയാളികൾ സഞ്ചരിച്ച കാറിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ ഡ്രൈവറും റസീനയും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K