29 December, 2015 01:22:30 PM
തൃശൂര്‍ അതിരൂപതയും പൗരാവലിയും കൈകോര്‍ത്ത് നടത്തിയ ബോണ്‍നത്താലെ ചരിത്രനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു

തൃശൂര്‍: തൃശൂര്‍ അതിരൂപതയും പൗരാവലിയും കൈകോര്‍ത്ത് നടത്തിയ ബോണ്‍നത്താലെ ചരിത്രമായി. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ഇത്തവണത്തെ ബോണ്‍ നത്താലെ ചരിത്രനിമിഷങ്ങള്‍ക്കു കൂടിയാണ് സാക്ഷ്യം വഹിച്ചത്.
അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഭാസ്‌കരന്‍ നായര്‍, മാര്‍ അപ്രേം മെത്രാപ്പോലീത്ത, മേയര്‍ അജിത ജയരാജന്‍ എന്നിവര്‍ ചേര്‍ന്ന് വെള്ളരിപ്രാവുകളെ പറത്തിയതോടെയാണ് ബോണ്‍ നത്താലെ ഘോഷയാത്രയ്ക്ക് അരംഭം കുറിച്ചത്.
സമാധാനത്തിന്റേയും ശാന്തിയുടേയും സമുദായ സൗഹൃദത്തിന്റേയും വലിയ സന്ദേശമാണ് ബോണ്‍ നത്താലെ നല്‍കുന്നത്. ലോകത്തെ എല്ലാ സമുദായങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഒരുമിച്ച് വളരുന്നതിനുള്ള സാഹചര്യമുണ്ടാക്കാന്‍ ബോണ്‍ നത്താലെക്കു കഴിഞ്ഞാല്‍ അത് വലിയ വിജയമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒന്നോ രണ്ടോ പാപ്പമാരെ മാത്രം ക്രിസ്‌മസിന് കണ്ടിരുന്ന നാടിന് പതിനായിരത്തോളം ക്രിസ്‌മസ് പാപ്പമാരുടെ സംഗമമാണ് ബോണ്‍ നത്താലെ ഒരുക്കിയത്. വൈവിധ്യങ്ങളായ ഫ്‌ളോട്ടുകളും പൂരക്കാഴ്‌ചകള്‍ നിറയുന്ന നഗരി കീഴടക്കി. തിളങ്ങുന്ന ചുവന്ന കുപ്പായമിട്ട് വെള്ളത്താടിയും തൊപ്പിയും സമ്മാനപ്പൊതികളുമായി വന്നണയുന്ന കുട്ടികളുടെ സാന്താക്ലോസ് നഗരത്തിന്റെ സ്വന്തമായി. കരോള്‍ ഗാനങ്ങളും കുഞ്ഞുങ്ങളുടെ നൃത്തവും മാലാഖകൂട്ടങ്ങളും കേക്ക് വഞ്ചിയും കലാരൂപങ്ങളും അഭൂതപൂര്‍വമായ ദൃശ്യവിരുന്ന് ഒരുക്കി. ഏറ്റവും കൂടുതല്‍ ക്രിസ്‌മസ് പാപ്പമാരെ അണിനിരത്തിയതിന് കഴിഞ്ഞ വര്‍ഷം ബോണ്‍ നത്താലെ ഘോഷയാത്ര ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരുന്നു.നഗരം ചുറ്റിയ വര്‍ണാഭമായ ഘോഷയാത്ര വൈകിട്ട് എട്ടിന് സെന്‍റ് തോമസ് കോളജ് അങ്കണത്തില്‍ സമാപിച്ചു.