29 August, 2019 06:54:19 AM


ലക്ഷങ്ങളുടെ ആഭരണങ്ങള്‍ കവര്‍ച്ച നടത്തി മുങ്ങിയ വീട്ടുജോലിക്കാരി പിടിയില്‍



uploads/news/2019/08/332766/c4.jpg


നിലമ്പൂര്‍: വീട്ടുജോലിക്കു നിന്നു ലക്ഷങ്ങളുടെ ആഭരണങ്ങള്‍ കവര്‍ച്ച നടത്തിയ കേസില്‍ സ്‌ത്രീയെ നിലമ്പൂര്‍ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. തമിഴ്‌നാട്‌ ഗൂഡല്ലൂര്‍ ചിന്നചൂണ്ടി കലൈരാശി(45) ആണ്‌ പിടിയിലായത്‌. നിലമ്പൂര്‍ മണലോടിയിലെ മേത്തലയില്‍ ഷമീമയുടെ പരാതിയെതുടര്‍ന്നാണ്‌ പോലീസ്‌ പ്രതിയെ പിടികൂടിയത്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്‌.പിക്കും ഷമീമ പരാതി നല്‍കിയിരുന്നു. 


എറണാകുളം സ്വദേശിയായ ഷമീമ നരോക്കാവ്‌ സ്‌കൂളില്‍ അധ്യാപികയാണ്‌. കഴിഞ്ഞ ജൂലൈ 31 ന്‌ എറണാകുളത്തേക്ക്‌ പോകുന്നതിനായി ആഭരണം തിരഞ്ഞപ്പോഴാണ്‌ ഇവ നഷ്‌ടപ്പെട്ടതായി അറിയുന്നത്‌. ഒരു ഡബ്ബയില്‍ പൊതിഞ്ഞു സൂക്ഷിച്ചുവച്ച ആഭരണങ്ങളാണ്‌ നഷ്‌ടമായത്‌. കലൈരാശിയുള്‍പ്പെടെ നാലു വീട്ടുജോലിക്കാരും ഒരു ഡ്രൈവറും ഈ കാലയളവില്‍ ഇവരുടെ വീട്ടില്‍ ജോലി ചെയ്‌തിരുന്നു. ഇവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണു കലൈരാശി പിടിയിലാകുന്നത്‌.

മോഷ്‌ടിച്ച സ്വര്‍ണത്തില്‍ ചിലത്‌ ഗൂഡല്ലൂരില്‍ പണയം വച്ചതായും ചിലത്‌ വില്‍പന നടത്തിയതായും പോലീസ്‌ കണ്ടെത്തി. വിറ്റു കിട്ടിയ പണം കൊണ്ട്‌ വീട്ടുപകരണങ്ങള്‍ വാങ്ങിയതും ബാക്കി 2.35 ലക്ഷം രൂപ വീട്‌ പുതുക്കി പണിയുന്നതിനായി മാറ്റിവച്ചതും പോലീസ്‌ കണ്ടെത്തി. മൂന്നരമാസം ജോലിക്ക്‌ നിന്നതിനിടയ്‌ക്ക്‌ മൂന്നു തവണ പ്രതി സ്വന്തം വീട്ടില്‍ പോയിരുന്നതായും പോലീസ്‌ പറയുന്നു. സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചവരെക്കുറിച്ചും പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K