09 August, 2019 10:55:29 AM
കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ 30 വീടുകള്‍ മണ്ണിനടിയില്‍; രക്ഷാപ്രവര്‍ത്തനത്തിന് എയര്‍ ലിഫ്റ്റിംഗ്
രക്ഷയ്ക്കായി ഉയര്‍ന്ന പാറകളേയും മരക്കൊമ്പുകളേയും ആശ്രയിച്ച് ആള്‍ക്കാര്‍
നിലമ്പൂര്‍: ശക്തമായ പേമാരിയെ തുടര്‍ന്ന് നിലമ്പൂരിലെ ഉള്‍നാടന്‍ പ്രദേശമായ കവളപ്പാടറ, പതാര്‍ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അനേകര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 30 ലധികം വീടുകള്‍ മണ്ണിനടിയിലായതായിട്ടാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇവിടേയ്ക്ക് രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത വിധം ദുരന്തമുഖം ഭീകരമായി. കവളപ്പാറ ഭുതാനം പ്രദേശത്ത് രക്ഷപ്പെട്ട ആള്‍ക്കാ മണിക്കൂറുകളായി ഉയര്‍ന്ന പ്രദേശത്ത് കല്ലിനും മരത്തിനും മുകളില്‍ കയറി നില്‍ക്കുന്നതായിട്ടാണ് വിവരം.
കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 30 ലധികം വീടുകള്‍ മണ്ണിനടിയിലെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ ഏകദേശം 65 ലധികം കുടുംബങ്ങള്‍ അടുത്തടുത്തായി താമസിക്കുന്ന പ്രദേശത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്്. ഇവിടേയ്ക്കുള്ള പാലം ഒലിച്ചു പോയതായും റോഡ് ഗതാഗതം താറുമാറായതായുമാണ് വിവരം. രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഇവിടേയ്ക്ക് എത്തപ്പെടാനാകുന്നില്ല. ചെങ്കുത്തായ രണ്ടു മലകള്‍ക്ക് ഇടയിലുള്ള പ്രദേശമായതിനാല്‍ ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാ പ്രവര്‍ത്തനമേ സാധ്യമാകൂ എന്നാണ് കിട്ടുന്ന വിവരം. ഇതേ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം തേടാനുള്ള ആലോചനയിലാണ് അധികൃതര്‍.
നിരവധി പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. മരണം ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. അതേ സമയം എന്താണ് കൃത്യമായ വിവരം എന്ന് അറിയാന്‍ സാഹചര്യമില്ല. പെട്ടെന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണും മരങ്ങളും അതിവേഗമെത്തി വീടുകള്‍ തകര്‍ക്കുകയായിരുന്നു. തൊട്ടടുത്ത് ചെറിയ ചെറിയ വീടുകള്‍ ആയതിനാല്‍ അപകട സാധ്യത കൂടുതലാണ്. രക്ഷപ്പെട്ടവര്‍ ഉയര്‍ന്ന പ്രദേശത്തേക്കും പാറയുടെ മുകളിലേക്കും മറ്റും കയറി നില്‍ക്കുകയാണ്. ചെങ്കുത്തായതും വിണ്ടു കീറിയതുമായ പ്രദേശമായതിനാല്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായാല്‍ പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യമാകും.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് നല്ല ഉയരത്തില്‍ ചെളി കിടക്കുകയാണ്. ഇന്നലെ വൈകിട്ട് സംസാരിച്ച ശേഷം വീട്ടുകാരുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കവളപ്പാറയിലെ വീട്ടില്‍ നിന്നും പുറത്ത് പോയവര്‍ നല്‍കുന്ന വിവരം. രണ്ടു വശങ്ങളിലുമുള്ള മലയുടെ ഇടയിലെ പ്രദേശമാണ് കവളപ്പാറ എന്നതിനാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍