23 July, 2019 06:59:01 AM
മോഷണക്കേസ് പ്രതിയുടെ പേരില്‍ ഒന്നര കോടി വീതം മതിപ്പുള്ള രണ്ട് ആഡംബര വീടുകള്‍
താനൂര്‍: കാട്ടിലങ്ങാടിയില്‍ മോഷണക്കേസില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച പ്രതിയുടെ പേരിലുള്ളതു ഒന്നരക്കോടി രൂപ വീതം വിലവരുന്ന രണ്ട് ആഡംബര വീടുകള്‍. കാട്ടിലങ്ങാടിയില്‍ വിവിധ വീടുകളില്‍നിന്നായി 13 പവനും 6000 രൂപയും മോഷ്‌ടിച്ച കേസില്‍ പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരി എഴുവന്‍ഞ്ചിറ ചക്കിങ്ങല്‍ത്തൊടി നൗഷാദാ(40)ണ് പിടിയിലായത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഗള്‍ഫിലാണെന്നു നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്ന നൗഷാദിന് ചെര്‍പ്പുളശേരിയില്‍ രണ്ട് ആഡംബരവീടുകളുണ്ട്. ആറുമാസത്തിലൊരിക്കല്‍ വിലകൂടിയ വസ്‌തുക്കളുമായി ഇയാള്‍ നാട്ടിലെത്താറുണ്ട്. പട്ടാമ്പി, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളിലായി പത്തോളം കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടിരുന്നു.
താനൂര്‍ കാട്ടിലങ്ങാടിയില്‍ മോഷണം പതിവായതിനെത്തുടര്‍ന്ന് പ്രദേശത്തെ യുവാക്കള്‍ രാത്രിയില്‍ കാവല്‍ പതിവാക്കിയിരുന്നു. കഴിഞ്ഞാഴ്‌ച പ്രദേശത്തുള്ളൊരു വീട്ടില്‍ മോഷണശ്രമത്തിനിടെ ശബ്‌ദം കേട്ട് വീട്ടുകാര്‍ ബഹളം വച്ചപ്പോള്‍ ഓടിയ മോഷ്‌ടാവിനെ യുവാക്കള്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. മോഷ്‌ടാവിന്റെ രൂപം വച്ച് റെയില്‍വേ സേ്‌റ്റഷനില്‍ അന്വേഷിച്ചപ്പോള്‍ സമാനശരീരപ്രകൃതിയുള്ള ഒരാള്‍ ചിലദിവസങ്ങളില്‍ രാത്രി 12ന് മംഗലാപുരത്ത് നിന്നെത്തുന്ന മലബാര്‍ എക്‌സ്‌പ്രസില്‍ സ്‌റ്റേഷനിലിറങ്ങുന്നതായി വിവരം കിട്ടി. പിന്നീട് മലബാര്‍ എക്‌സ്‌പ്രസ് കേന്ദ്രീകരിച്ചായി അന്വേഷണം.
ഞായറാഴ്‌ച്ച രാത്രി കോഴിക്കോടുനിന്നു മലബാര്‍ എക്‌സ്‌പ്രസില്‍ കയറിയ യുവാക്കള്‍ കള്ളനെ കണ്ടെത്തി പിന്തുടര്‍ന്നു. ഇയാള്‍ താനൂരിലിറങ്ങിയപ്പോള്‍ പിടികൂടി പോലീസിലറിയിച്ചു. കസ്‌റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പിടികൂടുമ്പോള്‍ കൈവശമുള്ള ബാഗില്‍ സ്‌ക്രൂ ഡ്രൈവര്‍, കമ്പിപ്പാര, കട്ടിങ് മെഷീന്‍, മുഖംമൂടി, കൈയുറ, ഗ്ലൗസ് എന്നിവയുണ്ടായിരുന്നു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു