07 July, 2019 09:45:56 AM
കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ മൈനുകൾ കണ്ടെത്തിയ സംഭവം: അന്വേഷണം സിബിഐ ഏറ്റെടുത്തു
മലപ്പുറം: കുറ്റിപ്പുറം പാലത്തിനടിയിൽ ഭാരതപ്പുഴയിൽ നിന്നും സൈന്യം ഉപയോഗിച്ചിരുന്ന മൈനുകൾ അടക്കമുള്ള വെടിക്കോപ്പുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കേസിന്‍റെ അന്വേഷണം സി.ബി.ഐ ഏറ്റടുത്തു. പ്രത്യേക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന തിരുവനന്തപുരം സി.ബി.ഐ യൂണിറ്റാണ് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ വർഷം ജനുവരി 18നാണ് കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ വെടിക്കോപ്പുകൾ കണ്ടെത്തിയത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ കീഴിലുള്ള മഹാരാഷ്ട്രയിലെ ചന്ദ്രാപ്പുരിലെ വെടിക്കോപ്പ് നിർമ്മാണശാലയിൽ നിർമ്മിച്ചതാണ് ഇതെന്ന് കേരള പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇവിടെ നിന്ന് പുൽഗാവ്, പൂണെ വെടിക്കോപ്പ് സംഭരണശാലകളിലേക്ക് മൈനുകൾ കൈമാറിയതായും പൊലീസ് കണ്ടെത്തി. പിന്നീട് അന്വേഷണം വഴിമുട്ടിയതോടെയാണ് കേസ് ദേശീയ ഏജൻസി അന്വേഷിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. ഈ ആവശ്യം പരിഗണിച്ചാണ് അന്വേഷണം ഇപ്പോൾ സി.ബി.ഐക്ക് വിട്ടത്.