22 March, 2016 01:46:08 PM


വിവാദസ്വാമി സന്തോഷ് മാധവന് 90 ശതമാനം നെല്‍പാടങ്ങളുള്‍പ്പെടെ മിച്ചഭൂമി പതിച്ചു നല്‍‍കി




തൃശൂര്‍ : സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള ആഎംഇസെഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് ഐടി പാര്‍ക്ക് തുടങ്ങാനാണ് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍, പുത്തന്‍വേലിക്കര, തൃശൂര്‍ ജില്ലയിലെ മാള എന്നിവിടങ്ങളിലുള്ള 118 ഏക്കര്‍ സ്ഥലം പതിച്ചു നല്‍കിയത്. 2009 സംസ്ഥാന സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലമാണ് അധികാരമൊഴിയാന്‍ നാളുകള്‍ മാത്രം ശേഷിക്കേ സര്‍ക്കാര്‍ വിട്ടുകൊടുത്തത്.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലമായതിനാല്‍ കൃഷിക്കല്ലാതെ മറ്റൊരാവശ്യത്തിനും ഭൂമി വിട്ട് നല്‍കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ടി ഒ സൂരജ് അനുമതി നിഷേധിച്ചത്. മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം ഏതുവിധേനയും തിരികെ കിട്ടുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് കമ്പനി നിയമവിരുദ്ധവും ലക്ഷ്യബോധമില്ലാത്തതുമായ പദ്ധതിരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ല ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 90 ശതമാനവും നിലമായ ഭൂമി തരം മാറ്റി പാട്ടത്തിന് നല്‍കാനോ, വില്‍പന നടത്തുവാനോ ആണ് കമ്പനി ഉദ്ദേശിക്കുന്നത്. കൃഷിഫുഡ് പാര്‍ക്ക് എന്ന പദ്ധതി നടപ്പിലാക്കാന്‍ വന്‍തോതില് നിലം നികത്തുന്നത് തണ്ണീര്‍ത്തട നിയമത്തിന്റെ ലംഘനമാകും. സ്വകാര്യതാല്‍പര്യം മാത്രമുള്ള കമ്പനിയുടെ അപേക്ഷ ഇതിനാല്‍ നിരസിക്കുകയാണെന്നറിയിച്ചാണ് ഭൂമി വിട്ടുകൊടുക്കാനുള്ള അപേക്ഷ റവന്യൂവകുപ്പ് തള്ളിയത്.

 മന്ത്രിസഭാ യോഗത്തിലെ തീരുമാനപ്രകാരമാണ് റെവന്യൂ വകുപ്പിന്റെഉുത്തരവ്. ഐടി വ്യവസായത്തിനെന്ന വ്യാജേനയാണ് ഭൂമി പതിച്ചു നല്‍കിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും ഈ സര്‍ക്കാര്‍ രണ്ടു തവണയും അനുമതി നിഷേധിച്ച പദ്ധതിക്കാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തിരക്കിട്ട് അനുമതി നല്‍കിയത്.

നേരത്തേ ആദര്‍ശ് പ്രൈം പ്രോജക്ട് എന്ന പേരിലായിരുന്നു അനുമതി തേടിയിരുന്നത്. തുടര്‍ന്ന് ഇക്കോ ഫുഡ് പാര്‍ക്ക് തുടങ്ങുന്നതിനായി ഭൂപരിഷ്‌കരണനിയമം 81(3) ബി പ്രകാരമുള്ള ഭൂപരിധി ഒഴിവിനായി സര്‍ക്കാരിനെ സമീപിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ കളക്ടര്‍മാരുടെ അധ്യക്ഷതയിലുള്ള ജില്ലാസമിതികളോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കമ്പനിയുടെത് പൊതുതാല്‍പര്യമല്ലെന്നും റിയല്‍ എസ്റ്റേറ്റ് താല്‍പര്യമാണെന്നും കാണിച്ച് ജില്ലാതലസമിതികള്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. ഇതേതുടര്‍ന്ന് കമ്പനിയുടെ അപേക്ഷ തള്ളി റവന്യൂവകുപ്പ് സെക്രട്ടറി ടി.ഒ.സൂരജിന്റെ ഉത്തരവിറങ്ങി. ഇതോടെ ഉപേക്ഷിച്ചെന്നു കരുതിയ പദ്ധതിയാണ് ഐടിക്കെന്ന പേരില്‍ പുനരവതരിച്ചത്.


കഴിഞ്ഞമാസം രണ്ടിന് ഇറങ്ങിയ റവന്യൂ വകുപ്പിന്റെ ഉത്തരവിലാണ് പഴയ ഉത്തരവ് അട്ടിമറിച്ചത്. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു ഇത്. ഐടി വ്യവസായത്തിനെന്ന വ്യാജേന സര്‍ക്കാരിനെ സമീപിച്ചാണ് അനുമതി നേടിയത്. 1600 കോടി രൂപയുടെ വ്യവസായം ഭൂമിയില്‍ വരുമെന്നും മുപ്പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നുമാണ് കമ്പനിയുടെ അവകാശവാദം. ഇത് അംഗീകരിച്ചാണ് സര്‍ക്കാര്‍മിച്ചഭൂമി വിട്ടുകൊടുക്കാനുള്ള ഉത്തരവിറക്കിയിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K