01 July, 2019 08:22:01 AM


വാഹന പരിശോധനയ്ക്കിടെ മര്‍ദ്ദനം; തിരൂര്‍ പൊലീസിനെതിരെ മധ്യവയസ്‍കന്‍ കോടതിയിലേക്ക്



മലപ്പുറം: തിരൂരില്‍ വാഹനപരിശോധനക്കിടെ മധ്യവയസ്‍കനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കല്പ‍കഞ്ചേരി സ്വദേശി കുഞ്ഞിമുഹമ്മദ്. തിരൂര്‍ ട്രാഫിക് എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കുഞ്ഞിമുഹമ്മദിന്‍റെ പരാതി.

കഴിഞ്ഞ ഏപ്രില്‍ മൂന്നിനായിരുന്നു സംഭവം. പുത്തനത്താണിയില്‍ നിന്ന് തിരൂരിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന തന്നെ വാഹനപരിശോധനക്കായി പൊലീസ് തിരൂര്‍ ടൗണില്‍ തടഞ്ഞു നിര്‍ത്തിയെന്ന് കുഞ്ഞുമുഹമ്മദ് പറഞ്ഞു. ഹെല്‍മറ്റ് ധരിച്ചിട്ടില്ലാത്തതിനാല്‍ നൂറു രൂപ പിഴ അടക്കാൻ ആവശ്യപെട്ടു. പണം കയ്യിലില്ലാത്തതിനാല്‍ എഴുതി തന്നാല്‍ മതിയെന്നും കോടതിയില്‍ അടച്ചോളാമെന്നും പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഒരു സിവില്‍ പൊലീസ് ഓഫീസര്‍ ബൈക്കിന്‍റെ  പിറകില്‍ കയറി പൊലീസ് സ്റ്റേഷനിലേക്ക് വാഹനം വിടാൻ നിര്‍ദ്ദേശിച്ചു.

സ്റ്റേഷനില്‍ എത്തിയതോടെ കൂടുതല്‍ പൊലീസുകാര്‍ എത്തുകയും അസഭ്യം പറയുകയും ഷര്‍ട്ടിന്‍റെ കോളറില്‍ പിടിച്ച് വലിച്ച് ചുമരിലേക്ക് തള്ളുകയും ചെയ്തു. പിന്നീട് കേസെടുത്ത് ആറ് മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്. ഡി ജി പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തതൊഴിച്ചാല്‍ അന്വേഷണത്തില്‍ പിന്നീട് ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് കുഞ്ഞുമുഹമ്മദ് പറയുന്നു. പൊലീസില്‍ നിന്ന് നീതി കിട്ടില്ലെന്നുറപ്പായതോടെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുഞ്ഞിമുഹമ്മദ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K