18 March, 2016 11:43:25 AM


മണിയുടെ മരണകാരണം കീടനാശിനിയാണെന്ന രാസപരിശോധന ഫലം പുറത്തു വന്നു



തൃശൂർ: നടൻ കലാഭവൻ മണിയുടെ മരണ കാരണം കീടനാശിനിയാണെന്ന രാസപരിശോധനാ ഫലം പുറത്തുവന്നു.  കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ക്ളോർപിറിഫോസ് എന്ന കീടനാശിനിയുടെ അംശമാണ് രക്തത്തിൽ കണ്ടെത്തിയത്.  രാസപരിശോധനാ റിപ്പോർട്ട് പൊലീസിനു കൈമാറി.


പാഡി ഔട്ട് ഹൗസിൽ വെച്ച് മണി 5 തവണ രക്തം ഛർദ്ദിച്ചിരുന്നുവെന്നും താനാണ് മണിയെ ആശുപത്രിയിലെത്തിച്ചതെന്നും 

സുഹൃത്താ‍യ ഡോക്ടർ സുമേഷ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. 

താൻ പാഡി ഹൗസിലെത്തുമ്പോൾ മണിയും സഹായിയും മാത്രമാണുണ്ടായിരുന്നത്. അസ്വസ്ഥയോടെ കിടക്കുകയായിരുന്ന മണിയുടെ ഗുരുതരാവസ്ഥ കണ്ട് ആശുപത്രിയിലക്ക് പോകാമെന്ന് നിർബന്ധിച്ചെങ്കിലും ആദ്യം സമ്മതിച്ചില്ല. പിന്നീട് മയങ്ങാനുള്ള മരുന്ന് നൽകിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതെന്നും സുമേഷ് വ്യക്തമാക്കി.

പാഡി ഹൗസിൽ ചാരായം എത്തിയിരുന്നതായി എക്സൈസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ മണിയുടെ ഡ്രൈവർ  പീറ്റർ അടക്കം 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുടുംബാംഗങ്ങളിൽ നിന്നും പൊലീസ് മൊഴിയെടുക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവരെ സംശയിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് മണിയുടെ ഡ്രൈവര്‍ പീറ്റര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരെ കുറിച്ച് കുടുംബാംഗങ്ങള്‍ക്ക് മോശം അഭിപ്രായം ഉണ്ടായിരുന്നുവെന്നും പീറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുഹൃത്തുക്കളെക്കുറിച്ച് മോശമായി പറയുന്നത് മണിക്ക് ഇഷ്ടമല്ലായിരുന്നു. മണിയുടെ മരണത്തിന്‍റെ തലേദിവസം താനവിടെ ചെല്ലുമ്പോള്‍ ഒരുപാട് പേരുണ്ടായിരുന്നു. അതില്‍ നടന്‍ ജാഫര്‍ ഇടുക്കിയെ മാത്രമാണ് തനിക്ക് പരിചയമുണ്ടായിരുന്നതെന്നും പീറ്റര്‍ പറഞ്ഞു. മണി മദ്യപിച്ചിരുന്നോ എന്ന് തനിക്കറിയില്ലെന്നും എന്നാല്‍ ജാഫറിനൊപ്പം പാഡിയിലെത്തിയ നടന്‍ സാബു മദ്യപിച്ചിരുന്നതായും പീറ്റര്‍ വ്യക്തമാക്കി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K