05 January, 2019 04:35:59 PM


ചാരായം വാറ്റ്: അറസ്റ്റിലായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറിന് സസ്‌പെൻഷൻ




മലപ്പുറം: ചാരായം വാറ്റുന്നതിനിടെ അറസ്റ്റിലായ ജൂനിയർ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു. മലപ്പുറം ചുങ്കത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂനിയർ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ സുനില്‍ കമ്മത്തിനെയാണ് സസ്പെന്റ് ചെയ്തത്. ഇയാളെ കഴിഞ്ഞ ദിവസം ചാരായം വാറ്റുന്നതിനിടെ നാട്ടുകാർ അറിയിച്ചതനുസരിച്ച് എക്‌സൈസ് സംഘം പിടികൂടിയിരുന്നു.

ചുങ്കത്തറയുടെ സമീപ പ്രദേശമായ പണപ്പൊയിലിലെ വീട്ടില്‍നിന്നാണ് സുനിൽ കമ്മത്തിനെ അറസ്റ്റ് ചെയ്തത്. സുനിലിന്‍റെ ഭാര്യയുടെ പേരിലുള്ള ഈ വീട്ടില്‍ ആള്‍ത്താമസമുണ്ടായിരുന്നില്ല. എന്നാല്‍ മിക്ക ദിവസങ്ങളിലും ഇവിടെ രാത്രി ലൈറ്റ് തെളിഞ്ഞുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇന്നലെയും ലൈറ്റ് കണ്ടതോടെ അന്വേഷിച്ചെത്തിയ നാട്ടുകാരാണ് ചാരായം വാറ്റുന്നത് കാണുന്നത്. ഉടന്‍ തന്നെ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ നാട്ടുകാർ ഫോണില്‍ വിളിച്ചറിയിച്ചു. 

എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം സുനിൽ കമ്മത്തിന്റ വീട്ടിൽ പരിശോധന നടത്തിയ എക്സൈസ് സംഘത്തിന് രണ്ട് ലിറ്റർ ചാരായവും 40 ലിറ്റർ വാഷുമാണ് ലഭിച്ചത്. പ്രഷർ കുക്കറും മറ്റ് വാറ്റ് ഉപകരണങ്ങളും ഇവിടെ നിന്നും കണ്ടെടുത്തു. ഇയാള്‍ ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇതിന്റെ ഭാഗമായി സ്‌കൂളുകളില്‍ ക്ലാസുകളെടുക്കാനും പോകാറുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K