17 February, 2016 12:08:31 PM
കാര്‍ഷിക സര്‍വകലാശാലയില്‍ അസി. പ്രഫസര്‍ നിയമനത്തിന് തിരക്കിട്ട് വിജ്ഞാപനം ഇറക്കാന്‍ നീക്കം
തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയില്‍ സ്റ്റാറ്റ്യൂട്ട് ഇല്ലെന്ന് പറഞ്ഞ് മാറ്റിവെച്ച അസി. പ്രഫസര്‍ നിയമനത്തിന് തിരക്കിട്ട് വിജ്ഞാപനം ഇറക്കാന്‍ നീക്കം. ഈയാഴ്ച വിജ്ഞാപനം ഇറങ്ങുമെന്ന് അറിയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് നിയമന വിജ്ഞാപനം ഇറക്കാനുള്ള നീക്കത്തിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യമാണെന്ന് ആക്ഷേപമുണ്ട്. സര്‍വകലാശാലയിലെ ഉന്നതരാണ് നീക്കത്തിന് പിന്നിലെന്നറിയുന്നു.
അസി. പ്രഫസറുടെ നിലവിലുള്ള 200ഓളം ഒഴിവുകളിലേക്ക് നിയമനം നടത്തണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഭരണസമിതി യോഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈസ് ചാന്‍സലറും രജിസ്ട്രാറും സ്റ്റാറ്റ്യൂട്ടിന്‍െറ അഭാവത്തില്‍ ഇത് സാധ്യമല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കൃഷിവകുപ്പ് സെക്രട്ടറിക്ക് സര്‍വകലാശാല ഇത്തരത്തില്‍ വിശദീകരണവും നല്‍കി. ചാന്‍സലറായ ഗവര്‍ണറുടെ ഓഫിസില്‍നിന്ന് സര്‍ക്കാറിന് കൈമാറിയ സ്റ്റാറ്റ്യൂട്ട് ആകട്ടെ പല വകുപ്പില്‍ കുടുങ്ങി കിടക്കുകയാണ്.
കാലങ്ങളായുള്ള അധ്യാപകക്ഷാമത്തെക്കുറിച്ച് അധികൃതര്‍ക്ക് പൊടുന്നനെ ബോധോദയം ഉണ്ടായതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപം ശക്തമാണ്. അടിയന്തരമായി നിയമനം നടത്താന്‍ വിദ്യാര്‍ഥികളെ ഇളക്കിവിടാനും ശ്രമമുണ്ട്. തൃശൂര്‍ നഗരപരിധിയില്‍ ആരംഭിച്ച 'നിയമന സഹായ കേന്ദ്ര'വുമായി ബന്ധപ്പെട്ട ചിലര്‍ ഇതിന് പിന്നിലുള്ളതായി പറയപ്പെടുന്നു.