30 July, 2017 07:35:46 AM


നിറയും പുത്തരിയും: ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ അഭൂതപൂര്‍വ്വമായ ഭക്തജനതിരക്ക്

ഏറ്റുമാനൂര്‍: ഞായറാഴ്ച ക്ഷേത്രങ്ങളില്‍ നിറയും പുത്തരിയും ആഘോഷിച്ചു.  നിനച്ചിരിക്കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടും ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ വന്‍തിരക്കാനനുഭവപ്പെട്ടത്. ചടങ്ങിന്‍റെ പ്രധാന ആകര്‍ഷണമായ പൂജിച്ച നെല്‍കതിരുകള്‍ വാങ്ങാന്‍ ഭക്തജനങ്ങളുടെ നീണ്ട നിരയാണ് ക്ഷേത്രമതില്‍ക്കകത്ത് പ്രത്യക്ഷപ്പെട്ടത്. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ രാവിലെ അഞ്ചരയ്ക്കും 6.10നും ഇടയ്ക്കായിരുന്നു നിറയും പുത്തരിയും ചടങ്ങ്.

രാവിലെ 4ന് നിര്‍മ്മാല്യദര്‍ശത്തിനു ശേ‍ഷം അഭിഷേകവും പൂജകളുമെല്ലാം അഞ്ചര മണിയ്ക്ക് മുമ്പ് അവസാനിപ്പിച്ചു. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ നെല്‍കതിരുകള്‍ ക്ഷേത്രത്തിനു ചുറ്റും ആനപുറത്ത് എഴുന്നള്ളിച്ചു. പാലക്കാട് നിന്നും പ്രത്യേകമായി എത്തിച്ച കതിരുകളാണ് ആനപ്പുറത്ത് എഴുന്നള്ളിച്ചത്. മേല്‍ശാന്തി രാമന്‍ സനല്‍കുമാര്‍ മുഖ്യ കാര്‍മ്മികത്വത്തില്‍ നമസ്കാരമണ്ഡപത്തിലെ പ്രത്യേക പൂജയ്ക്കുശേഷം കതിരുകള്‍ ശ്രീകോവിലിനുള്ളിലേക്ക് എടുത്തു. 


കൊയ്ത്ത് കഴിഞ്ഞു നെല്ല് അറയില്‍ ഇടുന്ന ചടങ്ങാണ് നിറ. വിളഞ്ഞു കിടക്കുന്ന കതിര്‍ക്കുലകള്‍ കൊണ്ടുവന്ന് ക്ഷേത്രത്തില്‍ പൂജിച്ച് അറയില്‍ നിറയ്ക്കുന്ന ചടങ്ങിന് ഇല്ലം നിറ എന്നും പറയുന്നു. നിറപറ വെക്കുന്നതിന്‍റ അടിസ്ഥാനതത്ത്വം 'നിറ' യില്‍ ഒളിഞ്ഞു കിടക്കുന്നു. നെല്‍ക്കതിരിന്‍റെ കൂടെ അത്തി, ഇത്തി, അരയാല്‍, പേരാല്‍, ഇല്ലി, നെല്ലി, പ്ലാവ്, മാവ്, കാഞ്ഞിരം, കടലാടി, മുക്കുറ്റി, ശംഖുപുഷ്പം, മഞ്ഞള്‍ എന്നിവയുടെ ഇലകളും ചെറുചില്ലകളും ഇല്ലംനിറയ്ക്കായി ഒരുക്കി വെക്കാറുണ്ട്. പുതിയ അരി (പുന്നെല്ലരി) ആദ്യമായി ഭക്ഷിക്കുന്നതാണ് പുത്തരിയെന്ന് പറയുന്നത്.

ഗുരുവായൂര്‍ തുടങ്ങി കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലേക്ക് ചടങ്ങിനുള്ള നെല്‍കതിരുകള്‍ എത്തിക്കുന്നത് കുന്നംകുളത്തിനടുത്ത് പഴുങ്ങാന എന്ന സ്ഥലത്തുനിന്നാണ്. നിറയും പുത്തരിയും ചടങ്ങിന് ക്ഷേത്രങ്ങളിലേക്ക് മാത്രമായി നാല് ഏക്കറിലധികം വരുന്ന പാടത്ത് പ്രത്യേക കൃഷിയാണിവിടെ നടക്കുന്നത്. ഇവിടെ നിന്നും ഏറ്റുമാനൂര്‍ ക്ഷേത്രത്തിലേക്ക് കതിരുകള്‍ എത്തിച്ചിരുന്നു. ഏറ്റുമാനൂരില്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യാനായി മൂവായിരത്തിലധികം കതിര്‍കെട്ടുകളാണ് തയ്യാറാക്കിയത്. ചടങ്ങുകള്‍ക്ക് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കൃഷ്ണകുമാര്‍, ഉപദേശകസമിതി സെക്രട്ടറി കെ.എന്‍.ശ്രീകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K