02 July, 2017 10:45:49 PM
വനിതാ ലോകകപ്പ്: ഇന്ത്യയ്ക്ക് മുന്നില് മുട്ടുമടക്കി പാക്കിസ്ഥാന്
ഡെർബി: വനിതാ ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. അഞ്ച് പാക് വിക്കറ്റുകൾ കൊഴിച്ചിട്ട എക്ത ബിഷ്തിന്റെ മാന്ത്രിക വിരലുകൾ ഇന്ത്യക്ക് 95 റൺസ് വിജയമൊരുക്കി. ഇന്ത്യ ഉയർത്തിയ 169 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 38.1 ഓവറിൽ 74 റൺസിന് പുറത്തായി. 10 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബിഷ്താണ് ഇന്ത്യക്ക് ഗംഭീര വിജയമൊരുക്കിയത്. സ്കോർ: ഇന്ത്യ-169/9 (50 ov),പാക്കിസ്ഥാൻ-74 (38.1 ov).
മൂന്നു പേരെ സംപൂജ്യരാക്കിയാണ് ബിഷ്ത് പറഞ്ഞയട്ടത്. ഓപ്പണർ പുനം റൗത്തിന്റെയും (47) വിക്കറ്റ് കീപ്പർ സുഷ്മ വർമയുടെ (33) ബാറ്റിംഗാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. ഇവരെ കൂടാതെ ദീപ്തി ശർമയും (28) ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യൻ ക്യാപ്റ്റൻ മിഥാലി രാജിനെ (8) ഉൾപ്പെടെ നാലു വിക്കറ്റ് വീഴ്ത്തിയ നാഷ്ര സന്ധുവാണ് പാക്കിസ്ഥാന് ചെറിയ വിജയലക്ഷ്യമൊരുക്കിയത്. എന്നാൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന് ഒരു ഘട്ടത്തിൽപോലും തിരിച്ചടിക്കാൻ ഇന്ത്യ അവസരം ഒരുക്കിയില്ല.
ഓപ്പണർ നഹിദ ഖാനും (23) ക്യാപ്റ്റൻ സന മിറും മാത്രമാണ് ചെറുത്തുനിൽക്കാൻ ശ്രമിച്ചത്. സന അവസാന വിക്കറ്റ് വീഴുംവരെ പുറത്താകാതെ ഒരറ്റത്ത് ഉറച്ചുനിന്നെങ്കിലും വിജയത്തിന് അതുമതിയാകുമായിരുന്നില്ല. പാക് നിരയിൽ നഹിദ ഖാനും സനയും മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ 35 റണ്സിനും രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ ഏഴ് വിക്കറ്റിനും ഇന്ത്യ മുട്ടുകുത്തിച്ചിരുന്നു.