22 October, 2024 07:36:51 PM


എം.ജി സര്‍വകലാശാലയിലെ പുതിയ ഫുട്ബോള്‍ കോര്‍ട്ട് കായിക വളര്‍ച്ചയ്ക്ക് കരുത്തേകും- ആര്‍ ബിന്ദു



കോട്ടയം:  മഹാത്മാ ഗാന്ധി സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നിര്‍മിച്ച നാച്വറല്‍ ടര്‍ഫ് ഫ്ളഡ് ലിറ്റ് ഫുട്ബോള്‍ കോര്‍ട്ട് സര്‍വകലാശാലയുടെയും നാടിന്‍റെ പൊതുവിലുമുള്ള കായിക വളര്‍ച്ചയ്ക്ക് കരുത്തു പകരുമെന്ന് ഉന്നത വിദ്യാഭ്യാസ, സമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 2.74 കോടി രൂപ ചെലവിട്ട്  നിര്‍മിച്ച കോര്‍ട്ടിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഒളിമ്പ്യന്‍മാര്‍ ഉള്‍പ്പെടെ നിരവധി പ്രഗത്ഭ കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള സര്‍വകലാശാലയ്ക്കും  പ്രൗഢമായ കായിക പാരമ്പര്യമുള്ള കോട്ടയം ജില്ലയ്ക്കും  വലിയ നേട്ടങ്ങളിലേക്ക് ചുവടുവയ്ക്കാന്‍ പുതിയ കോര്‍ട്ടും ഇവിടെ നിര്‍മിക്കാന്‍ പോകുന്ന സ്പോര്‍ട്സ് കോംപ്ലക്സും സഹായകമാകും. ദേശീയ രാജ്യാന്തര തലങ്ങളിലെ വിവിധ റാങ്കിംഗുകളില്‍ മികവു പുലര്‍ത്താന്‍ സര്‍വകലാശാലയ്ക്ക് സാധിച്ചതില്‍ അടിസ്ഥാന സൗകര്യ വികസനത്തിലുണ്ടായ മുന്നേറ്റവും നിര്‍ണായക ഘടകമായത് സര്‍ക്കാരിന് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. 

എം.ജി. സര്‍വകലാശാല സ്റ്റേഡിയത്തിലെ സ്പോര്‍ട്സ് കോംപ്ലക്സ്  പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ കിഫ്ബി ആരംഭിച്ചതായും  നിര്‍മാണ പ്രവര്‍വത്തനങ്ങള്‍ വൈകാതെ ആരംഭിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. കിഫ്ബിയില്‍നിന്നും 57 കോടി രൂപ ചെലവിട്ടാണ് സ്പോര്‍ട്സ് കോംപ്ലക്സ്  നിര്‍മിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ കായിക കേന്ദ്രങ്ങളിലൊന്നാണ് ഈ പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നാക് എ ഡബിള്‍ പ്ലസ് ഗ്രേഡും ടൈംസ് ലോക സര്‍വകലാശാലാ റാങ്കിംഗില്‍ 401-500 റാങ്ക് വിഭാഗത്തില്‍ ഇടം നേടുകയും ചെയ്ത സര്‍വകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിനുവേണ്ടി മന്ത്രി ട്രോഫി സമ്മാനിച്ചു. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, മുന്‍ രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന്‍, ഐക്യുഎസി ഡയറക്ടര്‍ ഡോ. റോബിനെറ്റ് ജേക്കബ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. 

നാലു വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കായി സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍റ് ഓലൈന്‍ എജ്യുക്കേഷന്‍ നടത്തുന്ന  ഓണ്‍ലൈന്‍ എബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് കോഴ്സുകളുടെ ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിര്‍വഹിച്ചു. 

സ്പെയിനില്‍ നടന്ന വേള്‍ഡ് യൂണിവേഴ്സിറ്റി ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീം അംഗങ്ങളായിരുന്ന മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ താരങ്ങളെയും പരിശീലകരെയും മാനേജരെയും  നാച്വറല്‍ ടര്‍ഫ് ഫുട്ബോള്‍ കോര്‍ട്ടിന്‍റെ നിര്‍മാണച്ചുമതല നിര്‍വഹിച്ച  വിഎം. സാജിദിനെയും ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന്‍ ആദരിച്ചു. 

വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ, അഡ്വ. റെജി സക്കറിയ, ഡോ. ബിജു തോമസ് രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍,  സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍റ് സ്പോര്‍ട്സ് സയന്‍സസ് ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ജോസഫ് അമ്പലക്കുളം, ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി,  ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിംസ് കുര്യന്‍, ഗ്രാമപഞ്ചായത്തംഗം ജോഷി ഇലഞ്ഞിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948